ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം മകൾക്കൊപ്പം വീടുവിട്ടു യുവതിയും മകളും കോട്ടയുത്തുണ്ടെന്ന് വിവരം

ആലപ്പുഴ: ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം മകൾക്കൊപ്പം വീട്ടിൽ നിന്ന് കാണാതായ യുവതി കോട്ടയത്തുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് വലിയാറ വീട്ടിൽ മഞ്ചേഷിന്റെ ഭാര്യ പ്രിയ മോൾ (34) മകൾ ഹിത ഗൗരി (3) എന്നിവരാണ് കോട്ടയത്തെ ധ്യാനകേന്ദ്രത്തിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. ധ്യാന കേന്ദ്രത്തിലുണ്ടെന്ന് അറിയിച്ച് പ്രിയമോൾ അയച്ച കത്ത് ഇന്നലെ ഉച്ചക്ക് രണ്ടോടെ ബന്ധുക്കൾക്ക് ലഭിച്ചു. 

ഈ മാസം 11 ന് ഉച്ചക്ക് 1.30 ഓടെയാണ് ഇരുവരേയും കുടുംബ വീട്ടിൽ നിന്നു കാണാതായത്. പ്രിയമോൾ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും
കണ്ടെത്തിയിരുന്നു. സംഭവത്തെതുടർന്ന് പുന്നപ്ര പൊലീസ് അന്വഷണമാരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. അന്വഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് പോസ്റ്റൽ വഴികത്തു ലഭിച്ചത്. 

താനും കുഞ്ഞും ധ്യാനകേന്ദ്രത്തിലുണ്ടന്നും, മൂത്ത മകനെ കാണാൻ കഴിയാത്തതിൽ പ്രയാസമുണ്ടന്നും, അമ്മയും അച്ഛനും വിഷമിക്കരുതെന്നും, ഉടൻ വീട്ടിലെത്തുമെന്നുമാണ് കത്തിൽ
രേഖപ്പെടുത്തിയിട്ടുള്ളത്. ചങ്ങനാശേരിയിലെ ഒരു പോസ്റ്റോഫീസിൽ നിന്നാണ് കത്ത് പോസ്റ്റു ചെയ്തിട്ടുള്ളത്. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസും പ്രിയയുടെ ബന്ധുക്കളും കോട്ടയത്തേക്ക് തിരിച്ചു.