ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ ഒരു അബദ്ധം; ഇനി എന്തെന്നറിയാതെ 12 കുടുംബങ്ങള്‍
കണ്ണൂര്: ഉദ്യോഗസ്ഥരുടെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ നിലയിലാണ് ഇവിടെ 12 കുടുംബങ്ങള്. സർക്കാർ നൽകിയ ഭൂമിയും, സ്വന്തം വീടും ഒഴിയേണ്ട ഗതികേടിലാണ് കണ്ണൂര് തളിപ്പറന്പ് പുളിപ്പറന്പ് സ്വദേശികളായ 12 കുടുംബങ്ങൾ. സർക്കാർ ഇവർക്കനുവദിച്ച മിച്ചഭൂമിക്ക് പകരം ഉദ്യോഗസ്ഥർ തെറ്റായ ഭൂമി അളന്നു നൽകി. ആറ് വർഷമേ ആയുള്ളൂ വീട് നിർമ്മിച്ചിട്ട്. എട്ട് വർഷം മുൻപ് സർക്കാർ പതിച്ചു നൽകിയ 15 സെന്റ് ഭൂമിയിൽ. സ്വപ്നം സത്യമായ സന്തോഷത്തിൽ കഴിയവെ, പട്ടയവും രേഖകളും എല്ലാമുള്ള ഭൂമിയിൽ കഴിഞ്ഞ വർഷം മുതൽ നികുതി സ്വീകരിക്കാതെയായി. ഇപ്പോൾ സ്ഥലം വിട്ട് ഒഴിയണമെന്ന് നോട്ടീസും.
വീട് നിർമ്മിക്കാൻ തുടങ്ങിയവരാകട്ടെ പാതിവഴിയിലിട്ട് ആശങ്കയോടെ നിൽപ്പാണ്. സ്ഥലം പതിച്ചു നൽകിയ ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണെന്ന് വില്ലേജ് ഓഫീസർ മുതൽ ജില്ലാ കളക്ടർ വരെ എല്ലാ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ, ഇവരുടെ യഥാർത്ഥ ഭൂമി എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമില്ല. സർക്കാർ പതിച്ചു നൽകിയ ഭൂമി തന്റേതാണെന്ന അവകാശവാദവുമായി സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതോടെയാണ് പിഴവ് പുറത്തുവരുന്നത്. 12 പേർക്ക് നൽകിയ ഭൂമി തിരികെപ്പിടിക്കാനാണ് നടപടി. വീടുകൾക്ക് നഷ്ടപരിഹാരം പോലും നൽകില്ല. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം നഷ്ടമായ ഭൂമിക്ക് പകരം ഭൂമിയും, നിർമ്മിച്ച വീടുകൾക്ക് നഷ്ടപരിഹാരവും ചോദിച്ചുള്ള ഇവരുടെ അപേക്ഷകൾ ഇതുവരെ ആരും ചെവികൊണ്ടിട്ടുമില്ല.
