തിരുവനന്തപുരം:മിസോറാം ലോട്ടറി ഡയറക്ടര്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മിസോറാമിന് കേരളത്തിന്റെ കത്ത്. നികുതി വകുപ്പ് സെക്രട്ടറിയാണ് മിസോറാം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി ഉണ്ടാക്കിയ നിയമവിരുദ്ധകരാര്‍ പ്രകാരം കേരളത്തില്‍ ലോട്ടറി വിറ്റാല്‍ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

ലോട്ടറി ഉടനടി പിന്‍വലിക്കണമെന്നും മിസോറാമിനോട് ആവശ്യപ്പെട്ടു. മിസോറാം ലോട്ടറി വീണ്ടും പത്രപരസ്യം നല്‍കിയ സാഹചര്യത്തിലാണ് കത്തയച്ചത്. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കിയിരുന്നു. ലോട്ടറിയെ സംബന്ധിച്ച അറിയിപ്പു കേരള സര്‍ക്കാരിനെ അറിയിച്ചതില്‍ തുടങ്ങി ക്രമക്കേടുകളുടെ പരമ്പര തന്നെ കത്തില്‍ വ്യക്തമാക്കിയിരുന്നു.

മറ്റൊരു സംസ്ഥാനത്തു ലോട്ടറി വില്‍ക്കുമ്പോള്‍, ആ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വിപണന സംവിധാനത്തിന്റെ സമഗ്രമായ വിവരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരിനെ വളരെ മുമ്പേ അറിയിച്ചിരിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. മിസോറാം ലോട്ടറിയുടെ പരസ്യം വന്നതിനു ശേഷമാണു മിസോറാം സര്‍ക്കാരിന്റെ അറിയിപ്പു കേരളത്തിനു ലഭിച്ചത്.