കുവൈത്തിലെത്തിയ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ പ്രവാസി വിഷയങ്ങള്‍ കേള്‍ക്കാത്തതില്‍ ഇന്ത്യന്‍ സമൂഹത്തിന് പ്രതിഷേധം. ഇന്ത്യന്‍ എംബസി ഓഡിറ്റോയിയത്തില്‍ വിദേശകാര്യ വകുപ്പ് സഹമന്ത്രി എം.ജെ.അക്ബര്‍ സംബന്ധിച്ച യോഗത്തിലാണ് പ്രവാസി വിഷയങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ മന്ത്രിയുടെ പ്രസംഗം മാത്രമായി ചുരുങ്ങിയത്. 

ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ച വൈകിട്ട് ആറ് മണി മുതല്‍ ഏഴ് വരെയായിരുന്നു എംബസി തീരുമാനിച്ചിരുന്നത്. എന്നാല്‍, 6.30ഓടെ എത്തിയ വിദേശകാര്യവകുപ്പ് സഹമന്ത്രി എം.ജെ.അക്ബര്‍ നേരെ പോയത് എംബസി അങ്കണത്തില്‍ ഉച്ച മുതല്‍ കുത്തിയിരുന്ന 200ഓളം തൊഴിലാളികളുടെ അടുത്തേക്കായിരുന്നു. മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ കഴിയുന്ന ഖറാഫി നാഷണലിലെയും, ബയാന്‍-കെ.സി.സിയിലേയും തൊഴിലാളികളായിരുന്നു അവര്‍. അവരുടെ വിഷയങ്ങള്‍ അര മണിക്കൂറോളാം നിന്ന് ശ്രദ്ധാപൂര്‍വ്വം കേട്ട എം.ജെ അക്ബര്‍, വിഷയം മന്ത്രിതല ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് തൊഴിലാളികളെ അറിയിച്ചു. തുടര്‍ന്നാണ് എംബസി ഓഡിറ്റോറിയത്തില്‍ പ്രവാസി സമൂഹത്തിനായി എംബസി ഒരുക്കിയ യോഗം നടന്നത്. ഇതില്‍ പ്രസംഗിച്ച മന്ത്രി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രവാസികളും ശക്തമായി പങ്കാളികളാകണമെന്ന് അഭ്യര്‍ഥിച്ചങ്കില്ലും, പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളെന്നും സംസാരിച്ചുമില്ല. വേദിയില്‍നിന്നിറങ്ങിയ മന്ത്രി ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെല്ലാം കേട്ടെങ്കില്ലും, മറുപടി നല്‍കില്ല.