കോഴിക്കോട്: പൊതുവേദികളിൽ സ്ത്രീകൾ പ്രസംഗിക്കേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്ന് ഡോ. എം കെ മുനീർ. എന്നാൽ വനിതാലീഗ് അധ്യക്ഷ ഖമറുന്നീസ അൻവറിന് യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ മുനീർ തയ്യാറായില്ല. ഇതേ കുറിച്ച് വിശദീകരിക്കേണ്ടത് ലീഗ് സംസ്ഥാന നേതൃത്വമാണെന്നും എം കെ മുനീർ കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയിൽ വനിതലീഗ് അധ്യക്ഷ ഖമറുന്നീസ അൻവറിന് പ്രസംഗിക്കാൻ അവസരം നിഷേധിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ലീഗ് സംസ്ഥാന സെക്രട്ടറി മായിൻ ഹാജിയാണ് സമ്മേളം അഭിസംബോധന ചെയ്യുന്നതിൽ നിന്ന് ഖമറുന്നീസ അൻവറിനെ വിലക്കിയത്.

എന്നാൽ സ്ത്രീകൾ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനോട് ലീഗിന് എതിർപ്പില്ലെന്നായിരുന്ന മുൻമന്ത്രിയും ലീഗ് നേതാവുമായ ഡോ. എം കെ മുനീറിന്റെ പ്രതികരണം. ഇക്കാര്യത്തിൽ നിലപാടെടുക്കേണ്ടത് ലീഗ് നേതൃത്വമാണെന്നും എം കെ മുനീർ പറഞ്ഞു.