കരിപ്പൂർ വിമാനത്താവളം 'അവഗണന അവസാനിപ്പിക്കണം' എം.കെ രാഘവൻ എം.പി ഉപവാസം തുടങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഇന്ന് സമാപിക്കും. സമരം പി കെ കുഞ്ഞാലിക്കുട്ടി എംപിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് പുനസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡി ജി സി എയും സംയുക്ത പരിശോധന നടത്തി സാങ്കേതിക തടസ്സങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിട്ടും അവഗണന തുടരുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുകയാണ്. 24ന് കേരളത്തിലെത്തുന്ന എയർപോർട്ട് അതോറിറ്റി ചെയർമാനെ യുഡിഎഫ് പ്രതിനിധികൾ നേരിൽ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമാപന സമ്മേളനം വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമരത്തിന്‍റെ ഒന്നാംഘട്ടമാണ് ഉപവാസം എന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്താവളത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും യുഡിഎഫ് അറിയിച്ചു.