ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നാഗാലാന്റ് പൊലീസിന്റെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്ന് ശ്രീവത്സം സ്ഥാപനങ്ങളുടെ ഉടമ എം.കെ രാജേന്ദ്രന്‍ പിള്ളയെ നീക്കി. രാജേന്ദ്രന്‍ പിള്ളയുടെ ഇടപാടുകളെക്കുറിച്ച് പത്തനംതിട്ട പൊലീസ് പ്രാഥമികാന്വേഷണം നടത്തി, ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ശ്രീവത്സം ഗ്രൂപ്പിന്റെ കോടികളുടെ അനധികൃത ഇടപാട് സംബന്ധിച്ച സ്വകാര്യ ഡയറി ആദായനികുതി വകുപ്പും കണ്ടെടുത്തിട്ടുണ്ട്.
ശ്രീവത്സം ഗ്രൂപ്പിന് ശതകോടികളുടെ അനധിക്യത സ്വത്തുണ്ടെന്നും പരിശോധനകളില്‍ ഇത് വ്യക്തമായെന്നും ആദായ നികുതി വകുപ്പ് കേന്ദ്ര സര്‍ക്കാരിനെയും നാഗാലാന്റ് സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നാഗാലാന്റ് ഡി.ജി.പി യുടെ നടപടി. പൊലീസിന്റെ ട്രാഫിക് വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റായുള്ള എം.കെ രാജേന്ദ്രന്‍ പിള്ളയുടെ നിയമനമാണ് ഡി.ജി.പി റദാക്കിയത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ ഈ പദവിയില്‍ തുടരുകയായിരുന്നു. നാഗാലാന്റ് പൊലീസിന്റെ ട്രക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തിച്ചതിനെപ്പറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ നാഗാലാന്റ് പൊലീസിന്റെ അനുമതിയോടെയാണ് പൊലീസ് ട്രക്ക് കേരളത്തില്‍ എത്തിച്ചതെന്ന് വ്യക്തമാക്കി പത്തനംതിട്ട പൊലീസ് സംസ്ഥാന ഡി.ജിപി.ക്ക് റിപ്പോര്‍ട്ട് നല്‍കി. നാഗാലാന്റ് ആഭ്യന്തര മന്ത്രിക്ക് വീട്ടുപകരണങ്ങളും അലങ്കാര വസ്തുക്കളും വാങ്ങാനാണ് ട്രക്ക് കേരളത്തില്‍ എത്തിച്ചതെന്ന് രാജേന്ദ്രന്‍ പിള്ള പൊലീസിനോട് പറഞ്ഞത്. ഇതിനിടെ ശ്രീവത്സം ഗ്രൂപ്പുമായി അടുപ്പമുള്ള ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു ഡയറി കണ്ടെടുത്തു. ശ്രീവത്സം സ്ഥാപനങ്ങളുടെ അനധികൃത പണമിടമാടുകള്‍ സംബന്ധിച്ചും ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഈ ഡയറിയിട്ടുണ്ട്.
