എംഎല്‍എയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും സ്റ്റേഷനിലെത്തി.

തൃശൂര്‍: ബിജെപി ഹര്‍ത്താലിനെതിരെ അനില്‍ അക്കര എംഎല്‍എയുടെ വ്യത്യസ്തമായ പ്രതിഷേധം. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറനാട്ടുകരയിലെ വീട്ടിലേക്ക് എംഎല്‍എ കാല്‍നടയായാണ് സഞ്ചരിച്ചത്. നിയമസഭ സമ്മേളനത്തിന് ശേഷം രാവിലെ പതിനൊന്നരയ്ക്കാണ് അനില്‍ അക്കര എംഎല്‍എ തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ റയില്‍വെസ്റ്റേഷനില്‍ എത്തിയത്. 

ഹര്‍ത്താലില്‍ പ്രതിഷേധിച്ച് ഏഴ് കിലോമീറ്റര്‍ അകലെയുളള വീട്ടിലേക്ക് നടന്നു പോകാനായിരുന്നു എംഎല്‍എയുടെ തീരുമാനം. എംഎല്‍എയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും സ്റ്റേഷനിലെത്തി. പ്രവര്‍ത്തകര്‍ ഏറിയപ്പോള്‍ കാല്‍നടസഞ്ചാരം പ്രതിഷേധജാഥയായി മാറി. ജനങ്ങളെ ദ്രോഹിക്കുനനതാണ് ബിജെപിയുടെ നിലപാടുകളെന്ന് കേരളത്തിലെ ഒരാള്‍ പോലും ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ലെന്നും അനില്‍ അക്കര പറഞ്ഞു.