Asianet News MalayalamAsianet News Malayalam

മിച്ചഭൂമി കൈവശം വയ്ക്കാന്‍ സിപിഎം എംഎല്‍എയ്ക്ക് റവന്യൂവകുപ്പിന്‍റെ ഒത്താശ

18 വർഷം മുമ്പാണ് ഭൂമി അനധികൃതമെന്ന് കണ്ടെത്തിയത്. എന്നാല്‍ പൂർവിക സ്വത്തിനെയാണ് മിച്ചഭൂമിയായി കണക്കാക്കിയതെന്നാണ് എംഎല്‍എയുടെ വാദം. 

mla george m thomas  land issue
Author
Thiruvananthapuram, First Published Oct 25, 2018, 12:32 PM IST

തിരുവനന്തപുരം: നിയമം ലംഘിച്ച് മിച്ചഭൂമി കൈവശം വയ്ക്കാന്‍ സിപിഎം തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസിന് റവന്യൂവകുപ്പിന്‍റെ ഒത്താശ. മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നിര്‍ദ്ദേശം റവന്യൂ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കോഴിക്കോട് കൊടിയത്തൂര്‍ വില്ലേജില്‍ അധികഭൂമി നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നുവെന്ന് പതിനെട്ട് വര്‍ഷം മുന്‍പ് കണ്ടെത്തിയിട്ടും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എവിടെയുമെത്തിയില്ല. 

ജോര്‍ജ്ജ് എം തോമസ് എംഎല്‍എയും സഹോദരങ്ങളും കൈവശം വച്ചിരിക്കുന്ന 16.4 ഏക്കര്‍ മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ 2000ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. കൊടിയത്തൂര്‍ വില്ലേജിലെ പന്നിക്കോട് 188/2, 186/2 സര്‍വ്വേ നമ്പറുകളിലായാണ് ഭൂമി. തന്‍റെ ഭാഗം കേള്‍ക്കാതെയാണ്പൂര്‍വ്വിക സ്വത്തിനെ മിച്ച ഭൂമിയായി കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ്ജ് എം തോമസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പരാതിക്കാരനെ കേട്ടശേഷം 6 മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ലാന്‍റ് ബോര്‍ഡിന് 2003 ജൂലൈയില്‍ കോടതി നിര്‍ദ്ദേശം നല്‍കി. 

ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ലാന്‍ഡ് ബോര്‍ഡ് ജോര്‍ജ്ജിന് നോട്ടീസ് നല്‍കുന്നത് 2004 മാര്‍ച്ച് 9 നാണ്. അതേ മാസം 26ന് ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ആറ് മാസ കാലാവധിക്കുള്ളില്‍ ജോര്‍ജ്ജ് തോമസ് എത്തിയതേയില്ല. കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാരാഞ്ഞ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി 2004 ജൂണില്‍ കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് കത്തയച്ചെങ്കിലും മറുപടി നല്‍കിയില്ല. നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ വിചാരണ പൂര്‍ത്തിയായില്ലെന്ന മറുപടി നല്‍കുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ജൂണിലാണ്. 

2009 ജനുവരിയില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വീണ്ടും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി കത്ത് നല്‍കി. ഡിസംബറില്‍ വിചാരണ നടത്തി റിപ്പോര്‍ട്ട് നല്‍കാമെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മറുപടി നല്‍കിയില്ല. ഏറ്റവുമൊടുവില്‍ 2017 ല്‍ അന്നത്തെ ആര്‍ഡിഓയും, ലാന്‍ഡ് ബോര്‍ഡ് ചെയര്‍പേഴ്സണുമായ ഷാമിന്‍ സെബാസ്റ്റ്യന് കലാതാമസം അനുവദനീയമല്ലെന്ന താക്കീതോടെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി വീണ്ടും കത്തയച്ചു. 

എന്നാല്‍ ഫയലുകള്‍ ലാന്‍ഡ് ബോര്‍ഡ് ഓഫീസിലില്ലെന്നും, ആര്‍ക്കൈവ്സിലേക്ക് മാറ്റിയെന്നുമുള്ള വിചിത്രമായ മറുപടിയാണ് നല്‍കിയത്. തീര്‍പ്പ് കല്‍പിക്കുന്ന ഫയലുകളാണ് സാധാരണ ആര്‍ക്കൈവ്സിലേക്ക് മാറ്റുന്നതെന്നിരിക്കേ വിചാരണ നടക്കാത്ത കേസിലെ ഫയലുകള്‍ മാറ്റിയത് ദുരൂഹം. ഇതേ കുറിച്ചുള്ള അന്വേഷണത്തോട് കേസിനെ കുറിച്ച് ഓര്‍മ്മയില്ലെന്നാണ് മുന്‍കാല ഉദ്യോഗസ്ഥരുടെ പ്രതികരണം. 

സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആര്‍ക്കൈവ്സില്‍ നിന്ന് തിരികെ ജില്ലാ ലാന്‍റ് ബോര്‍ഡ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. പക്ഷേ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മിച്ചഭൂമി കേസ് വിചാരണയില്‍ പരാതിക്കാരന്‍ ഹാജരായില്ലെങ്കില്‍ തല്‍സ്ഥിതി ഹൈക്കോടതിയെ അറിയിക്കണമെന്ന നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. 2003 ന് ശേഷം കേസുമായി ബന്ധപ്പെട്ട ഒരു വിവരവും കോടതിയിലെത്തിയിട്ടില്ല. അതേസമയം കെട്ടിച്ചമച്ചകേസാണെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios