ദില്ലി: മകളുടെ വിവാഹ ക്ഷണക്കത്തില്‍ സര്‍ക്കാര്‍ മുദ്ര ചേര്‍ത്ത സംഭവത്തില്‍ എംഎല്‍എ വിവാദത്തില്‍. ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എയാണ് മകളുടെ വിവാഹ ക്ഷണക്കത്തില്‍ സര്‍ക്കാരിന്‍റെ മുദ്ര ചേര്‍ത്തത്. ഹരിദ്വാറിലെ ജവല്‍പൂര്‍ എംഎല്‍എയായ സുരേഷ് റാത്തോറിന്‍റെ മകളുടെ വിവാഹം ക്ഷണിക്കാനായി തയ്യാറാക്കിയ കത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ മുദ്ര വച്ചത്.
സംഭവം വിവാദമായി മാറിയതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്ത് വന്നു. വിവാഹ ക്ഷണക്കത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ മുദ്ര പതിച്ചത് താന്‍ സര്‍ക്കാരിന്‍റെ ഭാഗമായത് കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ ക്രമിനില്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. ഒരുപാട് പേര്‍ ഇതു പോലെ പ്രവര്‍ത്തിച്ചത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
