കോഴിക്കോട്: പി വിഅന്‍വര്‍ എംഎല്‍എക്കെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ അന്വേഷണം. അനധികൃത ഭൂമി സമ്പാദനം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം. ഭൂമിവിവരങ്ങള്‍ ആരാഞ്ഞ് നാല് വില്ലേജ് ഓഫീസുകള്‍ക്ക് ലാന്‍ഡ് ബോര്‍ഡ് കത്ത് അയച്ചിട്ടുണ്ട്. എംഎല്‍എയുടെ രണ്ടാം ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചാണ് അന്വേഷണം.

അനധികൃത ഭൂമി സമ്പാദനവുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ റവന്യൂവകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വിവാദമായിട്ടും മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ മുന്നിലുള്ള പി.വി. അന്‍വറിനെതിരായ പരാതികള്‍ക്ക് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. എംഎല്‍എയുടെ നിയമലംഘനങ്ങള്‍ വ്യക്തമാക്കുന്ന മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം മലപ്പുറം ജില്ലാഭരണകൂടത്തിന് മുന്നിലുണ്ട്. നിയമലംഘനം രണ്ട് വര്‍ഷം മുന്‍പേ സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖയും ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് വെറ്റിലപ്പാറ വില്ലജ് ഓഫീസര്‍ നല്‍കിയ നോട്ടീസ് ഒപ്പിട്ട് വാങ്ങിയത് പി വി അന്‍വര്‍ എംഎല്‍എ തന്നെയാണ്. നോട്ടീസ് കൈപ്പറ്റിയ ശേഷവും ഇതേ സ്ഥലത്ത് അനധികൃത നിര്‍മ്മാണം തുടര്‍ന്നു. റോപ് വേയും അനുബന്ധ നിര്‍മ്മാണങ്ങളും നടത്തിയത് ഈ നോട്ടീസ് കിട്ടിയതിന് ശേഷമാണ്. സ്വന്തം പേരില്‍ കരാര്‍ എഴുതിയ സ്ഥലം പിന്നീട് രണ്ടാം ഭാര്യയുടെ അച്ഛന്റെ പേരിലേക്ക് മാറ്റിയാണ് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പി വി അന്‍വര്‍ ശ്രമിച്ചത്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ചീങ്കണിപ്പാലിയിലെ നിയമ ലംഘനങ്ങള്‍ വ്യക്തമാക്കുന്ന മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ ജില്ലാ ഭരണ കൂടത്തിന് കിട്ടിയിരുന്നു. നിയമം ലംഘിച്ചുവെന്ന് പകല്‍പോലെ വ്യക്തമായിട്ടും പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഒരു ചെറുവിരലനക്കാന്‍ റവന്യൂവകുപ്പ് തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.