ഒഡീഷ: മാവോയിസ്റ്റ് സ്വാധീനമേഖലയായ മോട്ടുവിലെ സന്ദര്‍ശനത്തിനിടയില്‍ വെള്ളക്കെട്ട് മുറിച്ചുകടക്കാന്‍ സഹായികളുടെ തോളിലേറിയ എം.എല്‍.എ വിവാദത്തില്‍. ഭരണകക്ഷിയായ ബി.ജെ.ഡിയുടെ എം.എല്‍.എ മാനസ് മഡ്ഗാമിയാണ് കാല്‍പാദത്തോളം മാത്രം വെള്ളമുള്ള സ്ഥലത്തുകൂടി രണ്ട് സഹായികളുടെ തോളിലേറി സഞ്ചരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ പുരോഗതി പരിശോധിക്കാനും പ്രദേശവാസികളെ ബോധിപ്പിക്കാനുമായിരുന്നു ബാലബന്ദ്ര മഞ്ചിയോടൊപ്പം മാനസ് മഡ്ഗാമിയും സ്ഥലം സന്ദര്‍ശിച്ചത്. കാല്‍ പാദത്തോളം മാത്രം വെള്ളക്കെട്ടുള്ള സ്ഥലത്തെത്തിയപ്പോള്‍ എം.എല്‍.എ അവിടെ നിന്നു. എം.പിയാവട്ടെ പരസഹായമില്ലാതെ വെള്ളക്കെട്ടിലൂടെ ഇറങ്ങി നടന്നുകയറി. നടക്കാന്‍ മടിച്ച എം.എല്‍.എയെ ഒടുവില്‍ രണ്ട് പ്രവര്‍ത്തകര്‍ തോളിലേറ്റി മറുകരയെത്തിച്ചു. എം.എല്‍.എയുടെ വിലയേറിയ ഷൂവില്‍ അഴുക്കാകാതിരിക്കാനാണ് തങ്ങളത് ചെയ്തതെന്ന് സഹായികള്‍ പറഞ്ഞപ്പോള്‍ എടുത്തുകടത്താന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്നേഹം കൊണ്ടാണ് തന്റെ അനുയായികള്‍ അങ്ങനെ ചെയ്യുകയായിരുന്നുവെന്നുമാണ് എം.എല്‍.എയുടെ പ്രതികരണം. കഴിഞ്ഞവര്‍ഷം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ സുരക്ഷാഭടന്‍മാര്‍ എടുത്തുകടത്തിയ സംഭവം വിവാദമായിരുന്നു.