പൗരത്വ ബില്ലില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ജനുവരി 11 ന് നിവേദനം നല്‍കിയിരുന്നു എന്നും എന്നാല്‍ മറുപടിയുണ്ടായിരുന്നില്ലെന്നും ഷുല്ലൈ

ഷില്ലോംഗ്: പൗരത്വ ബില്ല് കേന്ദ്രം രാജ്യസഭയില്‍ പാസാക്കിയാല്‍ ബിജെപി വിടുമെന്ന് മേഘാലയത്തില്‍ നിന്നുള്ള എംഎല്‍എ സാന്‍ബോര് ഷുല്ലൈ. പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ വച്ചായിരുന്നു ഷുല്ലൈയുടെ പ്രസ്താവന. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി രാജ്യത്ത് കുടിയേറിയ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ല് പ്രതിപക്ഷങ്ങളുടെ എതിര്‍പ്പ് ഇല്ലാതെ തന്നെ ലോക്‍സഭയില്‍ പാസായിരുന്നു.

 ബില്ലിനെ കോണ്‍ഗ്രസോ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‍സഭയില്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ പൗരത്വ ബില്ലിനെതിരെ അസമിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പൗരത്വ ബില്ലില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ജനുവരി 11 ന് നിവേദനം നല്‍കിയിരുന്നു എന്നും എന്നാല്‍ മറുപടിയുണ്ടായിരുന്നില്ലെന്നും ഷുല്ലൈ പറഞ്ഞു.