ശശികലയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ അമ്മാ പാര്‍ട്ടിയില്‍ വീണ്ടും ആഭ്യന്തരകലാപമെന്ന് സൂചന. ഗതാഗതവകുപ്പ് മുന്‍ മന്ത്രി സെന്തില്‍ ബാലാജിയുള്‍പ്പടെ എട്ട് എം.എല്‍.എമാര്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ നേരിട്ട് കണ്ട്, നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നും ഉടന്‍ എം.എല്‍.എമാരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ബുധനാഴ്ച എടപ്പാടി കെ പളനിസ്വാമി ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കാണാനിരിക്കെയാണ് എം.എല്‍.എമാരുടെ നടപടി.

മുന്‍ ഗതാഗതവകുപ്പ് മന്ത്രി സെന്തില്‍ ബാലാജി, മുന്‍ ടൂറിസം വകുപ്പ് മന്ത്രി തോപ്പ് വെങ്കിടാചെലം എന്നിവരുടെ നേതൃത്വത്തില്‍ എട്ട് എം.എല്‍.എമാരാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ നേരിട്ടുകാണാനെത്തിയത്. നേതൃത്വത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്തിയറിയിച്ച ഇവര്‍ ഉടന്‍ എം.എല്‍.എമാരുടെ സമ്പൂര്‍ണയോഗം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. ശശികല പക്ഷത്ത് പുകയുന്ന ആഭ്യന്തര തര്‍ക്കമാണ് ഇതിലേയ്‌ക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച എം.എല്‍.എ ഹോസ്റ്റലില്‍ 11 എം.എല്‍.എമാര്‍ രഹസ്യയോഗം ചേര്‍ന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ തമ്പി ദുരൈയ്‌ക്കും നിലവിലെ ഗതാഗത മന്ത്രി വിജയ ഭാസ്കറിനുമെതിരെ മണ്ഡലത്തിലെ വികസനം അട്ടിമറിയ്‌ക്കുന്നുവെന്നതുള്‍പ്പടെ ആരോപണങ്ങളുന്നയിച്ച സെന്തില്‍ ബാലാജിയുടെ നേതൃത്വത്തിലായിരുന്നു യോഗം. 

പിളര്‍പ്പ് അനിവാര്യമായപ്പോള്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ വെച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് ശശികല പക്ഷം മന്ത്രിപദവിയുള്‍പ്പടെയുള്ള വാഗ്ദാനങ്ങളാണ് നല്‍കിയത്. ഇതൊന്നും പാലിയ്‌ക്കപ്പെടാത്തതാണ് സെന്തില്‍ ബാലാജിയുള്‍പ്പടെയുള്ളവരെ ചൊടിപ്പിച്ചതെന്നാണ് സൂചന. എട്ട് എം.എല്‍.എമാര്‍ ഒറ്റയടിക്ക് ക്യാമ്പ് വിട്ടാല്‍ മന്ത്രിസഭ താഴെ വീഴും. സമവായത്തിന് എടപ്പാടിയ്‌ക്ക് മുന്നില്‍ എം.എല്‍.എമാര്‍ പറയുന്നത് ചെയ്യുക എന്ന ഒറ്റ വഴിയേ ഉള്ളൂ. രണ്ടായി പിളര്‍ന്ന അണ്ണാ ഡി.എം.കെയില്‍ വീണ്ടും പിളര്‍പ്പുണ്ടായാല്‍ അത് പാര്‍ട്ടിയുടെ രാഷ്‌ട്രീയാന്ത്യമാകും.