വനത്തിനുള്ളില്‍ കടന്ന് കൈവശമുണ്ടായിരുന്ന രണ്ട് എയര്‍ ഗണ്ണുകളുപയോഗിച്ച് ഇവര്‍ മ്ലാവിനെ വെടിവച്ച് വീഴ്ത്തി. അവിടെ വച്ച് തന്നെ ഇറച്ചിയാക്കി

തിരുവനന്തപുരം പൊൻമുടിയില്‍ ഗ്രേഡ് എസ്ഐയും സംഘവും പൊലീസ് വാഹനത്തില്‍ കാട്ടില്‍ക്കയറി മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി.ഒളിവില്‍ പോയ എസ്ഐ അയൂബിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ വനം വകുപ്പ് കേസെടുത്തു.അയൂബിന്‍റെ ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പൊൻമുടി വനമേഖലയില്‍ പെട്രോളിംഗിന് ഇറങ്ങിയതായിരുന്നു ഗ്രേഡ് എസ്ഐ അയൂബ്ബും ഇവിടത്തെ മറ്റ് രണ്ട് പൊലിസുകാരും.വഴിയില്‍ വച്ച് ബന്ധുക്കളായ മൂന്ന് പേരെയും കൊല്ലയില്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റര്‍ മനുവിനെയും വാഹനത്തില്‍ കയറ്റി.

വനത്തിനുള്ളില്‍ കടന്ന് കൈവശമുണ്ടായിരുന്ന രണ്ട് എയര്‍ ഗണ്ണുകളുപയോഗിച്ച് ഇവര്‍ മ്ലാവിനെ വെടിവച്ച് വീഴ്ത്തി.അവിടെ വച്ച് തന്നെ ഇറച്ചിയാക്കി.ഇന്നലെ മനുവിന്‍റെ വീട്ടിലെത്തിച്ച് കുറച്ച് ഇറച്ചി വേവിച്ച് കറിയാക്കി.രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കുളത്തൂപ്പുഴ റേഞ്ച് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.കുളത്തൂപ്പുഴ സ്വദേശി സജീര്‍, സമീര്‍ വിതുര സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

എസ്ഐ ഉള്‍പ്പടെ മൂന്ന് പൊലീസുകാരും യൂണിഫോമിലായിരുന്നു. ആറ് കിലോ കറിവച്ച ഇറച്ചി, തോക്ക്, പാത്രങ്ങള്‍, കത്തികള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു.വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ എസ്ഐ അയൂബും പൊലീസുകാരും ഒളിവില്‍പോയി.ഇവരെ അന്വേഷണ വിധയമായി സസ്പെന്‍റ് ചെയ്തെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാര്‍ അറിയിച്ചു.