ഇടുക്കി: കെ.എം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എം.എം. ഹസന്‍. ഡഉഎന്റെ യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണ് മാണിയെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പിന്നാലെ നിയുക്ത കെപിസിസി പ്രസിഡന്റ് എം.എം. ഹസനും കെ.എം. മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന ആവശ്യം ഉയര്‍ത്തുകയാണ്. കേരളാ കോണ്‍ഗ്രസ് മടങ്ങിയെത്തിയാല്‍ യുഡിഎഫ് കൂടുതല് ശക്തമാകുമെന്ന് എം.എം. ഹസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മടങ്ങിവരവിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം പ്രതികരിക്കട്ടെയെന്നായിരുന്നു കെ.എം. മാണിയുടെ നിലപാട്. കെപിസിസി പ്രസിഡന്റിന്റെ ഇടക്കാല ചുമതലയുള്ള എം.എം. ഹസന്‍ തന്നെ ഇക്കാര്യം ഉന്നയിച്ചതോടെ മാണിയുടെ മറുപടിക്കായി കോണ്‍ഗ്രസ് നേതൃത്വം കാത്തിരിക്കുകയാണ്. 

ഏറെ വൈകാതെ കേരളാ കോണ്ഗ്രസ് (എം) യുഡിഎഫിലെത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നാമനിര്‍ദ്ദേശ പത്രികയുടെ പേരില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി നല്‍കാനുള്ള ബിജെപി നീക്കം പരാജയഭീതി കൊണ്ടാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന ബിജെപിയുടെ പ്രസ്താവനയെ തള്ളിക്കളയുന്നതായും ഹസന്‍ പറഞ്ഞു.