Asianet News MalayalamAsianet News Malayalam

മാണിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്  നേതാവ് എം.എം ജേക്കബ്

MM jacob against KM Mani
Author
Kottayam, First Published Aug 4, 2016, 9:47 AM IST

തിരുവനന്തപുരം: കെ.എം മാണിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ് . നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാനാണ് തീരുമാനമെങ്കില്‍ കേരള കോണ്‍ഗ്രസ് എം എം.എല്‍.എമാര്‍ രാജിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്നണി വിടുമെന്ന മാണിയുടെ ഭീഷണി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ് .പാലായില്‍ മാണിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്വയം കൃതാനര്‍ഥമാണെന്നും അദ്ദേഹം രാമപുരത്ത്  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

എല്ലാവരുടെയും വോട്ട് നേടി ജയിച്ചിട്ട് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മാണി പറയുന്നത് രാഷ്ട്രീയ സദാചാരമല്ലെന്നും മുന്‍ ഗവര്‍ണര്‍ കൂടിയായ എംഎം ജേക്കബ് തുറന്നടിച്ചു

അധികാരമില്ലാതിരുന്ന് മാണി ശീലിച്ചിട്ടില്ല. ഇപ്പോള്‍ മാണി പറയുന്ന കാരണങ്ങള്‍ വ്യക്തിപരം മാത്രമാണ് . അതിന് രാഷ്ട്രീയമാനം കൊടുക്കേണ്ട . ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കാന്‍ കോണ്‍ഗ്രസിലാരും ശ്രമിച്ചിട്ടില്ല . കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള അടവാണ് മാണിയുടെതെന്ന് പറഞ്ഞാല്‍ തെറ്റല്ല .

എപ്പോഴും മാണിയെ സംരക്ഷിച്ചിരുന്ന ഉമ്മന്‍ ചാണ്ടി മാണിയുമായി ചര്‍ച്ച നടത്തട്ടെ .പാലായില്‍ താനോ മറ്റു കോണ്‍ഗ്രസുകാരോ മാണിയെ തോല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

'പി.ടി ചാക്കോയുടെ ചരിത്രം പറഞ്ഞ് കോണ്‍ഗ്രസിനെതിരെ തിരിയേണ്ട . ചാക്കോ കോണ്‍ഗ്രസുകാരനായിരുന്നു.പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടില്ല'.  ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനമറിഞ്ഞ ശേഷം തനിക്ക് കൂടുതല്‍ പറയാനുണ്ടെന്നും എം.എം ജേക്കബ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios