Asianet News MalayalamAsianet News Malayalam

സ്കൂൾ വിദ്യാഭ്യാസത്തിന് ഒറ്റ ഡയറക്ടറേറ്റ് എന്ന ശുപാർശ; വിശദീകരണവുമായി സമിതി അധ്യക്ഷൻ

സ്കൂൾ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കാനുള്ള ശുപാർശയിൽ വിശദീകരണവുമായി സമിതി അധ്യക്ഷൻ. ഏകോപനവും പഠനസാഹചര്യവും മെച്ചപ്പെടുമെന്ന് എം എ ഖാദർ. നിർദ്ദേശങ്ങൾ സമർപ്പിച്ചത് എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയ ശേഷം. രണ്ടാംഘട്ട റിപ്പോർട്ട് 3 മാസത്തിനകം.
 

mm kader on school education report
Author
Kozhikode, First Published Jan 28, 2019, 7:21 AM IST

കോഴിക്കോട്: ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കുന്നത് വിദ്യാഭ്യാസമേഖലക്ക് ഏകോപനം നൽകുമെന്ന് വിദ്യാഭ്യാസ പരിഷ്കരണ പഠനസമിതി അധ്യക്ഷൻ ഡോ. എം എ ഖാദർ. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയതിന് ശേഷമാണ് സമിതി ശുപാർശകൾ സമർപ്പിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡോ. എം എ ഖാദർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസഘടനയിലെ അഴിച്ചുപണി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസാഹചര്യം ഉണ്ടാക്കുമെന്നാണ് സമിതി അധ്യക്ഷന്‍റെ നിലപാട്. ക്ലാസുകൾ ഒരു ഡയറക്ടറേറ്റിന് കീഴിൽ വരുന്നതോടെ കൂടുതൽ നിയന്ത്രണവും ഏകോപനവും കൈവരും. അധ്യാപകരുടെ യോഗ്യതയിൽ മാറ്റം വരുത്താതെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലാവാരം ഉറപ്പ് വരുത്താനാവില്ല. ക്ലാസുകളുടെ ലയനത്തിനെതിരെ ഹയർസെക്കണ്ടറി അധ്യാപക സംഘടനകൾ ഉയർത്തുന്ന പ്രതിഷേധം വസ്തുതകൾ ശരിയായ രീതിയിൽ മനസിലാക്കത്തതുകൊണ്ടാണ്. ശുപാർശകൾ തിടുക്കപ്പെട്ട് നടപ്പിലാക്കേണ്ടതിലെന്നും സർക്കാർ സമവായത്തിലൂടെ പരിഷ്കരണങ്ങൾ നടപ്പില്ലാക്കുമെന്നാണ് കരുതുന്നതെന്നും എം എ ഖാദർ പറഞ്ഞു.

രണ്ടാംഘട്ട ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് മൂന്ന് മാസത്തിനകം സർക്കാരിന് കൈമാറുമെന്നും എം എ ഖാദർ പറഞ്ഞു. സ്കൂളുകളുടെ പ്രവർത്തനവും കരിക്കുലവും സംബന്ധിച്ച പരിഷ്കരണങ്ങൾ ഈ റിപ്പോർട്ടിലുണ്ടാവും. അതേസമയം റിപ്പോർട്ട് ഏകപക്ഷീയമാണെന്ന ചില അധ്യാപക സംഘടനകളുടെ ആരോപണം സമിതി അധ്യക്ഷൻ തള്ളി. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എം എ ഖാദർ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios