തിരുവനന്തപുരം: കുരിശ് വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സര്‍ക്കാറിനെയും സിപിഎമ്മിനെയും മണിയുടെ വിവാദ പരാമര്‍ശം കടുത്ത സമ്മര്‍ദ്ദത്തിലാക്കി. പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി കൂടി തള്ളിപ്പറഞ്ഞതോടെ മന്ത്രി എംഎം മണി കൂടുതല്‍ ഒറ്റപ്പെട്ടു. പലവട്ടം പാര്‍ട്ടിയെ കുഴക്കിയ മണിയുടെ നാക്കുതന്നെയാണ് ഇത്തവണയും പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
മൂന്നാറിനെ ചൊല്ലി മുന്നണിക്കുള്ളില്‍ നിന്നും പുറത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് മണിയുടെ സ്‌ത്രീ വിരുദ്ധ പരാമര്‍ശവും വന്‍വിവാദമാകുന്നത്. ഗ്രാമീണ ശൈലിയെന്ന പതിവ് പ്രതിരോധം വിലപ്പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മണിക്കെതിരെ മുഖ്യമന്ത്രിവരെ രംഗത്തെത്തിയത്. മൂന്നാര്‍ ഒഴിപ്പിക്കലില്‍ മണിയെ പിന്തുണച്ച പാര്‍ട്ടി നേതാക്കള്‍ക്കും പുതിയ വിവാദത്തില്‍ ഉള്ളത് കടുത്ത അതൃപ്തി. പ്രതിപക്ഷത്തിന് പുതിയ ആയുധവും പൊമ്പിളൈ ഒരുമൈയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും നല്‍കുന്നതാണ് മണിയുടെ പ്രസ്താവനയെന്നാണ് സിപിഎം വിലയിരുത്തല്‍.
മുഖ്യമന്ത്രി തള്ളിയതോടെയാണ് വിശദീകരണം നല്‍കാന്‍ മണി നിര്‍ബന്ധിതനായത്. മണി വിവാദം ആടിയുലയുന്ന ഇടതു മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. മണിയെ കയറൂരിവിട്ടതാണ് എല്ലാറ്റിനും കാരണമെന്നാകും സിപിഐ വിമര്‍ശനം. മണിയെ മമന്ത്രിസഭയിലേക്കെത്തിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര നേതാക്കള്‍ക്കും പുതിയ വിവാദത്തില്‍ അതൃപ്തിയുണ്ട്.
തീരാത്ത വിവാദങ്ങള്‍ക്കും തമ്മിലടിക്കും പിന്നാലെ മണിയുടെ സ്‌ത്രീവിരുദ്ധ പ്രസ്താവനയും. നിയമസഭാ സമ്മേളനം കൂടി തുടങ്ങാനിരിക്കെ സര്‍ക്കാറും ഭരണമുന്നണിയും മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ്. വനിതാ നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലും പരാതി ഉന്നയിക്കാന്‍ തീരുമാനിച്ചതോടെ മണിയുടെ മുന്നോട്ടുള്ള പോക്ക് സുഗമമായിരിക്കില്ല.
