ഇടുക്കി: എം.എം. മണി മന്ത്രിസഭയിലേക്കെത്തുമ്പോൾ വലിയ സന്തോഷത്തിലാണ് കുടുംബവും കുഞ്ചിത്തണ്ണി വാസികളും. നേട്ടം അപ്രതീക്ഷിതമെന്നാണ് ഭാര്യ ലക്ഷ്മികുട്ടിയും മക്കളായ സതിയും ശ്യാമളയും പറയുന്നത്. നിരവധി ആളുകളാണ് ആശംസകളുമായി വീട്ടിലേക്കെത്തുന്നത്.

അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യവുമായി ഇടുക്കിക്കാരുടെ മണിയാശാൻ മന്ത്രിസഭയിലേക്കെത്തുകയാണ്. എന്നാൽ ഇടുക്കി അടിമാലിക്ക് സമീപം കുഞ്ചിത്തണ്ണിയിലുള്ള മുണ്ടക്കൽ വീട്ടിൽ അമിതമായ ആഹ്ലാദമോ ആവേശമോ ഇല്ല. മറിച്ച് പാർട്ടി ഏൽപ്പിച്ച ദൗത്യം മാത്രമാണിതെന്ന് പറയുകയാണ് എം.എം. മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയും മക്കളും കൊച്ചുമക്കളുമൊക്കെ. പാർട്ടി തീരുമാനം അപ്രതീക്ഷിതമെന്നായിരുന്നു മകൾ ശ്യാമളയുടെ പ്രതികരണം.

അങ്ങനെയിരിക്കെ മണിയാശാന്റെ വിളിയെത്തി. വീട്ടിലുള്ള ആടിനെയും കോഴിയെയുമൊക്കെ വിട്ട് തിരുവനന്തപുരത്തേക്ക് പോകാൻ ചെറിയ സങ്കടമെന്ന് എം.എം.മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി പറയുന്നത്. മണി മന്ത്രിയാകുന്ന വാർത്ത അറിഞ്ഞതോടെ നിരവധി ആളുകളാണ് വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്നെത്തുന്ന എം.എം. മണിക്ക് വലിയ സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് രാജാക്കാട്ടെയും അടിമാലിയിലെയും പാർട്ടിക്കാർ.