തിരുവനന്തപുരം: സുപ്രധാന വകുപ്പുമായി മന്ത്രിസഭയിലേക്കുള്ള എംഎം മണിയുടെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു. കേന്ദ്രകമ്മിറ്റി അംഗമായ എകെ ബാലന് വ്യവസായവകുപ്പ് ലഭിക്കുമെന്നായിരുന്നു ആദ്യ സൂചന. അല്ലെങ്കിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് വ്യവസായം നൽകി മറ്റൊരാളെ സ്പീക്കറാക്കുമെന്നും ചർച്ചകൾ ഉയർന്നു. കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചാണ് മണിയാശാന്റെ കടന്നുവരവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുതിർന്ന സെക്രട്ടറിയേറ്റ് അംഗമെന്ന സ്ഥാനം ആശാന് തുണയായി. പുന:സംഘടനയോടെ ഇ.പി. ജയരാജന്റെ മടങ്ങിവരവും അടഞ്ഞ അധ്യായമായി. ബന്ധു നിയമനവിവാദം സംസ്ഥാന സമിതി യോഗത്തിൽ വിശദീകരിക്കാൻ പി കെ ശ്രീമതി ശ്രമിച്ചെങ്കിലും കോടിയേരി ഇടപെട്ട് വിലക്കി.മന്ത്രിസഭാ പുന;സംഘടനക്കൊപ്പം അച്ചടക്കനടപടികളും യോഗം തീരുമാനിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവില്‍ ടി.എൻ.സീമ മൂന്നാം സ്ഥാനത്തേക്ക് പോയതിനതിനെ കുറിച്ചന്വേഷണിച്ച പാ‍ർട്ടിം കമ്മീഷന്റെ റിപ്പോ‍ട്ടിലാണ് നടപടി. മണ്ഡലത്തിന്റ ചുമതലയുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻ കോട് മുരളീ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.എസ്.രാജീവ് എന്നിവരെ താക്കീത് ചെയ്യാൻ തീരുമാനിച്ചു.

പാര്‍ട്ടി അംഗത്വം പുതുക്കാൻ പുതിയ മാനദണ്ഡം കൊണ്ടുവരാനും യോഗം തീരുമാനിച്ചു. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും. സഹകരണപ്രശ്നത്തിൽ എല്ലാ പാർട്ടികളും യോജിച്ചസമരം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.