വയനാട്: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. നിലമ്പൂര്‍ വെടിവപ്പിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെതുടര്‍ന്നാണ് പൊലീസ് നടപടി. കര്‍ണാടക തമിഴ്നാട് അന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ മാവോയിസ്റ്റുകള്‍ വയനാട്ടിലെത്തിയിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

വയനാട് ജില്ലയിലെത്തുന്ന എല്ലാ വാഹനങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. കൂടാതെ മാനന്തവാടി, ബത്തേരി, പുല്‍പ്പള്ളി, മേപ്പാടി, കല്‍പറ്റ എന്നിവിടങ്ങള്‍ പൊലീസിന്‍റെ കര്‍ശനമായ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം തലപ്പുഴയില്‍ മാവോയിസ്റ്റ് അംഗമെന്ന് സംശയിക്കുന്നയാളെ കണ്ടെങ്കിലും പൊലീസിന് പിടികൂടാനായില്ല. സമാന സംഭവം തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിസരത്തും നടന്നതോടെയാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ പൊലീസ് തീരുമാനിച്ചത്.