നോയിഡയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് സാഹിലും പ്രീതി സിങ്ങും

 ഭോപ്പാൽ സ്വദേശി സാഹില്‍ ഖാനെയാണ് (24) ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയത്. പടിഞ്ഞാറന്‍ ഉത്തർപ്രദേശിലെ ബിജ്നോര്‍ സ്വദേശി പ്രീതി സിങ്ങുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയിലെത്തിയതായിരുന്നു യുവാവ്. ഇരുവരും ഒരുമിച്ചെത്തിയ കാറും അക്രമികള്‍ തകര്‍ത്തതായി പൊലീസ് പറഞ്ഞു.

നോയിഡയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് സാഹിലും പ്രീതി സിങ്ങും. വിവാഹ രജിസ്ട്രേഷനുവേണ്ടി ഇവര്‍ കോടതി പരിസരത്തെത്തിയതായി വിവരമറിഞ്ഞ അക്രമികള്‍ കൂട്ടമായി എത്തുകയായിരുന്നു. സംഘം യുവാവിനെ മര്‍ദ്ദിക്കുന്നതിന്‍റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു വഴിയാത്രികന്‍ ചിത്രീകരിച്ചതാണ് ഇത്. ആൾക്കൂട്ടത്തിനിടയിൽനിന്നും പൊലീസാണ് ദമ്പതികളെ രക്ഷിച്ചത്.

സംഭവത്തിൽ വിനോദ് ചൌധരി, നവനീത് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 147, 323, 427 വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്നാൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സിഹാനി ഗേറ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് പാണ്ഡേ അറിയിച്ചു.