നൂറുകണക്കിന് പേര്‍ ചേര്‍ന്നാണ് അസമിനെ മര്‍ദ്ദിച്ചത് കൈകൂപ്പി യാചിക്കുന്ന പൊലീസിനെ ജനക്കൂട്ടം അവഗണിച്ചു

ദില്ലി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമെന്ന വാട്ട്‌സ് ആപ്പ് വ്യാജ പ്രചരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ജനക്കൂട്ടം ആക്രമിച്ച് കൊന്ന മുഹമ്മദ് അസമിന്റെ അവസാന നിമിഷങ്ങളടങ്ങിയ വീഡിയോ എന്‍.ഡി.ടി.വി പുറത്തുവിട്ടു. 

രോഷാകുലരായ വലിയ ജനക്കൂട്ടം കൈകള്‍ കെട്ടിയിട്ട് മണ്ണിലൂടെ അസമിനെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അസമിനെ വലിച്ചിഴയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ആള്‍ക്കൂട്ടത്തിന് മുമ്പില്‍ നിന്ന് കൈകൂപ്പി യാചിക്കുന്നതും കാണാം. എന്നാല്‍ പൊലീസിന്റെ അപേക്ഷ അവഗണിച്ചുകൊണ്ട് ആള്‍ക്കൂട്ടം അസമിനെ വീണ്ടും മര്‍ദ്ദിച്ചു. 

സംഭവം നടന്ന് ഏറെ വൈകാതെ തന്നെ അസം മരണത്തിന് കീഴടങ്ങിയിരുന്നു. ഗൂഗിള്‍ എഞ്ചിനീയറായ അസം സുഹൃത്തുക്കള്‍ക്കൊപ്പം മറ്റൊരു സുഹൃത്തിനെ കാണാനാണ് കര്‍ണാടകയിലെത്തിയത്. ബിദറില്‍ വച്ച് വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കവേ ഏതാനും പേര്‍ ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയും ബലമായി കാര്‍ പരിശോധിക്കുകയുമായിരുന്നു. 

സുഹൃത്തിന്റെ കുട്ടികള്‍ക്ക് നല്‍കാനായി കാറില്‍ കരുതിയിരുന്ന മിഠായിപ്പൊതികള്‍ കണ്ടതോടെ സംഘം മൂവരേയും കയ്യേറ്റം ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ അസം മാത്രം വലിയൊരു ജനക്കൂട്ടത്തിന് നടുവില്‍ പെടുകയായിരുന്നു. 

അസമിന്റെ കൂടെയുണ്ടായിരുന്ന ഖത്തര്‍ സ്വദേശിയുള്‍പ്പെടെയുള്ള രണ്ട് സുഹൃത്തുക്കളും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.