യാചകരായ നാല് സ്ത്രീകളെ അക്രമിച്ചത് അഞ്ഞൂറിലധികം പേരുള്ള ജനക്കൂട്ടം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമെന്ന് വാട്സ് ആപ്പ് പ്രചരണം  

അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം രാജ്യത്ത് സജീവമാണെന്ന് കാണിക്കുന്ന വാട്‌സ് ആപ്പ് സന്ദേശത്തെ തുടര്‍ന്ന് യാചകയെ അഞ്ഞൂറിലധികം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. നാല്‍പത്തിയഞ്ചുകാരിയായ ശാന്താദേവി നാഥാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

വദജിലാണ് സംഭവം. ശാരദാനഗറിന് സമീപത്ത് യാചകര്‍ താമസിക്കുന്ന കോളനിയിലാണ് ശാന്താദേവിയും താമസിച്ചിരുന്നത്. മറ്റ് മൂന്ന് സ്ത്രീകള്‍ക്കൊപ്പം ഭിക്ഷാടനത്തിനിറങ്ങിയതായിരുന്നു ഇവര്‍. സംഘത്തെക്കണ്ട് കുട്ടികളെ തട്ടിയെടുക്കാനിറങ്ങിയതെന്ന് തെറ്റിദ്ധരിച്ച ആറോളം പേര്‍ ഇവരുടെ നേര്‍ക്ക് അസഭ്യം പറഞ്ഞെത്തുകയായിരുന്നു. 

തുടര്‍ന്ന് പലയിടങ്ങളില്‍ നിന്നുമെത്തിയ അഞ്ഞൂറിലധികം പേര്‍ ശാന്താദേവിയേയും മറ്റ് മൂന്ന് സ്ത്രീകളേയും അക്രമിക്കാന്‍ തുടങ്ങി. പൊലീസെത്തിയ ശേഷമാണ് ജനക്കൂട്ടം അടങ്ങിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ശാന്താദേവി മരിച്ചു. അശുദേവി, ലീലാദേവി, അനസി സോം നാഥ് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം രാജ്യത്ത് സ്വൈര്യവിഹാരം നടത്തുന്നുവെന്ന വാട്‌സ് ആപ് സന്ദേശങ്ങളെ തുടര്‍ന്ന് പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. അസമില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം ഇതേ വിഷയം ആരോപിച്ച് തല്ലിക്കൊന്നതും ഏറെ വിവാദമായിരുന്നു.