കശ്മീര്‍: മുടി മുറിക്കുന്ന ആളെന്ന സംശയത്തിന്റെ പേരില്‍ മാനസിക രോഗിയായ യുവാവിനെ ജനക്കൂട്ടം ആക്രമിച്ചു. കാശ്മീരിലെ സോപോരിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ മുസ്ലീം യുവാവിനെയാണ് ജനങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവിനെ തീകൊളുത്താനും ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്താനും ശ്രമം നടത്തി. മറ്റൊരു യുവാവിനെ ബോട്ടില്‍ നിന്നും പിടികൂടി വെള്ളത്തില്‍ മുക്കികൊല്ലാനും ശ്രമം നടന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.

മുടി മുറിക്കുന്നയാളെ ജനക്കൂട്ടം പിടികൂടിയെന്ന വാര്‍ത്തറിഞ്ഞാണ് പോലീസ് എത്തിയത്. പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ പുല്ല് കൂട്ടിയിട്ട് യുവാവിനെ അതിലേക്കിട്ട് തീകൊളുത്താനുള്ള ശ്രമമായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് സോപോര്‍ എസ്പി ഹര്‍മീത് സിംഗ് പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ സോപോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.