താനെ: പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ ഗോഡൗണില്‍നിന്ന് 10.37 ലക്ഷം രൂപയുടെ മൊബൈല്‍ഫോണുകള്‍ മോഷണം പോയി. താനെയിലുള്ള ഗോഡൗണിലാണ് വന്‍ കവര്‍ച്ച നടന്നത്. മെയ് 22നാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 10.37 ലക്ഷം രൂപ വിലവരുന്ന 17 മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ് മോഷ്‌ടിക്കപ്പെട്ടത്. ഈ സമയം അഞ്ചു കരാര്‍ ജീവനക്കാരായിരുന്നു ആമസോണ്‍ ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഇവര്‍ സംഭവശേഷം ഒളിവിലാണ്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരുകയാണ്. ജോലിയിലുണ്ടായിരുന്ന കരാര്‍ ജീവനക്കാര്‍ തന്നെയാണ് ഫോണ്‍ മോഷ്‌ടിച്ചതെന്നാണ് പൊലീസ് ഉറച്ചു വിശ്വസിക്കുന്നത്. ഉയര്‍ന്ന വിലയുള്ള മോബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന ഗോഡൗണായിരുന്നു ഇത്. ഇതേ ഗോഡൗണില്‍നിന്ന് 7500 രൂപ വിലയുള്ള ഒരു മൊബൈല്‍ ഹാന്‍ഡ് സെറ്റ് മെയ് 29ന് മോഷണം പോയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ആകാശ് എന്ന കരാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അതിനിടെയാണ് മെയ് 22ന് നടന്ന വലിയ കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.