കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. വഴി തർക്കത്തിന്‍റെ പേരിൽ അയൽവാസിയായ സുനിൽ കുമാറും സംഘവും ചേർന്ന് മതിൽ തകർത്തെന്നാണ് പാമ്പുറം സ്വദേശി വിജയമ്മയുടെ പരാതി. വഴി തർക്കത്തിൽ വിജയക്ക് മർദ്ദനമേറ്റെന്നും പരാതിയുണ്ട്. പാമ്പുറം സ്വദേശിയായ വിജയമ്മയുടെ വീടിന് മുന്നിലെ മതിൽ ഒരു സംഘം തകർക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഫെബ്രുവരി 9 ന് ആയിരുന്നു ആക്രമണം. അളെ തിരിച്ചറിയാതിരിക്കാൻ മസ്ക് ധരിച്ചാണ് പ്രതികൾ എത്തിയത്. അയൽക്കാരനായ സുനിൽ കുമാറും സംഘവുമാണ് മതിൽ തകർത്തതെന്നാണ് പരാതി. വഴി തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വിജയമ്മയും കുടുംബവും പറയുന്നു.
വിജയമ്മയ്ക്ക് മർദ്ദനമേറ്റെന്നും പരാതിയുണ്ട്. പാരിപ്പളളി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. പക്ഷേ തുടർ നടപടികൾ ഉണ്ടായില്ല. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പൊലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്നും പരാതിക്കാർ പ്രതികരിച്ചു. പ്രതികളുടെ നിരന്തര ഭീഷണി കാരണം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെനും വിജയമ്മയും കുടുംബവും പറയുന്നു. മതിൽ തകർക്കുന്നതിന്‍റെ സിസിടിവി ദൃശ്യം തെളിവായി മുന്നിലുണ്ടെങ്കിലും സംഭവത്തിൽ പങ്കില്ലെന്നുണ് സുനിൽ കുമാറിന്‍റെ വാദം.



