നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഇപ്പോഴുണ്ടായ വേദനകള്‍ ഭാവിയില്‍ നേട്ടാമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ വഴി 2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് സേവനനികുതി ഒഴിവാക്കാന്‍ കേന്ദ്രസര്‍‍ക്കാര്‍ തീരുമാനിച്ചു. അസാധുവായ 500 രൂപ തീവണ്ടികളിലും ബസുകളിലും മറ്റന്നാള്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂവെന്ന് കേന്ദ്രധനകാര്യമന്ത്രാലയം അറിയിച്ചു.

അഴിമതി കള്ളപ്പണം തീവ്രവാദം എന്നിവയ്‌ക്കിരെയുള്ള യ‍ജ്ഞമായാണ് നോട്ട് അസാധുവാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. നോട്ട് അസാധുവാക്കിയ ശേഷം ഒരു മാസം തികയുന്ന ദിവസം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരെയുള്ള യജ്ഞത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്‍തത്. ഇപ്പോഴുണ്ടായിരിക്കുന്ന ഹ്രസ്വകാലബുദ്ധിമുട്ടുകളും വേദനയും ഭാവില്‍ നേട്ടമായി മാറും. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന പ്രതിപക്ഷആവശ്യത്തിനിടെയാണ് ട്വിറ്ററിലൂടെ മോദി നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമാണ് പുതിയ തീരുമാനം ഗുണം ചെയ്യുകയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സഹിപ്പിക്കാന്‍ യുവാക്കന്‍ മുന്നിട്ടിറങ്ങണമെന്നും ആവര്‍ത്തിച്ചു. ഇതിനിടെ പേപ്പര്‍ കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് വഴി 2000 രൂപവരെയുള്ള ഇടപാടുകളെ സേവനനികുതിയില്‍ നിന്നു ഒഴിവാക്കി. ഒണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. പഴയ 500 രൂപ നോട്ടുകള്‍ തീവണ്ടി സ്റ്റേഷനുകള്‍  ബസ് സ്റ്റേഷനുകള്‍ മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍  മറ്റന്നാള്‍ വരെ മാത്രമേ സ്വീകരിക്കൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ പഴയ 500 രൂപ നേരത്തെ പ്രഖ്യാപിച്ച 15-ാം തീയതി വരെ സ്വീകരിക്കും.