എസ് പി- കോണ്‍ഗ്രസ് സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കഴിഞ്ഞദിവസം വരെ പരസ്‌പരം പോരടിച്ചു നിന്നവര്‍ ഇരുട്ടി വെളുത്തപ്പോള്‍ സഖ്യത്തിലായെന്ന് മോദി മീററ്റില്‍ ബിജെപി റാലിയില്‍ പരിഹസിച്ചു. അഴിമതിക്കെതിരായ പോരാട്ടമാണ് ബിജെപിക്ക് യുപി നിയമസഭാ തെരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു.
ബ്രിട്ടീഷുകാരെ തുരത്താന്‍ 1857ല്‍ ആദ്യ സ്വാതന്ത്ര്യ സമര പോരാട്ടം തുടങ്ങിയ മണ്ണെന്ന് മീററ്റിനെക്കുറിച്ച് അനുസ്മരിച്ച മോദി ദേശീയത, അഴിമതി, നോട്ട് പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് യു പിയിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ വോട്ട് തേടിയത്. അഴിമതിക്കെതിരായ പോരാട്ടമാണ് തിരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു.
അഴിമതി വേണമോ യുപിയുടെ വികസനം വേണമോയെന്ന് വോട്ടര്‍മാരോട് മോദി ചോദിച്ചു. അതേസമയം ബിഎസ്പിയെക്കാളും എസ്പി- കോണ്‍ഗ്രസ് സഖ്യത്തെ ഉന്നമിട്ടായിരുന്നു മോദിയുടെ പ്രചാരണം
കേന്ദ്രസര്‍ക്കാര്‍ യുപിക്ക് നല്‍കിയ പണത്തിന്‍റെ കണക്കുകള്‍ നിരത്തിയ മോദി കേന്ദ്രം നല്‍കിയ പണമൊന്നും ചിലവഴിക്കാതെ വികസനത്തിന് തടസം സൃഷ്‌ടിച്ച സര്‍ക്കാരാണ് എസ്പിയുടേതെന്ന് ആരോപിച്ചു .
എസ്പി- കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയും നോട്ട് പിന്‍വലിക്കല്‍ മോദിക്കെതിരെ മുഖ്യ പ്രചരണ വിഷയമാക്കുമ്പോള്‍ കള്ളപ്പണക്കാരെല്ലാം തനിക്കെതിരെ കൈകോര്‍ക്കുമെന്ന് നോട്ടു പിന്‍വലിക്കുമ്പോള്‍ അറിയാമായിരുന്നുവെന്നാണ് മോദിയുടെ മറുപടി. അഴിമതിക്കാരെ സ്വസ്ഥമായിരിക്കാന്‍ താന്‍ അനുവദിക്കില്ല. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് എടുത്തു പറഞ്ഞതാണ് ദേശീയത ഉണര്‍ത്താന്‍ മോദി ശ്രമിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം, കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങളൊക്കെ മറ്റു ബിജെപി നേതാക്കള്‍ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് മോദിയുടെ മീററ്റ് പ്രസംഗം മൗനം പാലിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ മോദി വികാരത്തിലൂടെ യുപി തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷയിലാണ്.
