റാഞ്ചി: കര്‍ഷകരുടെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാര്‍ഖണ്ഡില്‍ വിവിധ ജലസേചന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശന ശരങ്ങള്‍ പ്രധാനമന്ത്രി തൊടുത്ത് വിട്ടത്. 2,391.36 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന മണ്ഡല്‍ ഡാം അടക്കമുള്ളവയുടെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്.

പാലമു, ഗാര്‍വാ എന്നിവിടങ്ങളിലെ 19,604 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ഗുണകരമാകുന്ന പദ്ധതിയാണ് മണ്ഡ‍ല്‍ ഡാം. 1972ല്‍ നിര്‍മാണം തുടങ്ങിയ മണ്ഡല്‍ ഡാമിന്‍റെ നിര്‍മാണം 1993ല്‍ തടസപ്പെട്ടതാണ്. മുന്‍ സര്‍ക്കാരുകള്‍ ഇത്രയും ഗുണകരമാകുന്ന പദ്ധതി വെെകിപ്പിച്ച് കര്‍ഷകരെ ചതിക്കുകയായിരുന്നുവെന്ന് മോദി പറഞ്ഞു.

അന്നം തരുന്നവരായാണ് നമ്മള്‍ കര്‍ഷകരെ കാണുന്നത്. എന്നാല്‍, മുന്‍ സര്‍ക്കാരുകള്‍ കര്‍ഷകരെ വോട്ട് ബാങ്കായി മാത്രമാണ് കണ്ടത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് വായ്പ എടുക്കേണ്ട ആവശ്യം ഉണ്ടാവുമായിരുന്നില്ല. അതിന് പകരം കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ വായ്പ എടുക്കാന്‍ പ്രേരിപ്പിച്ചു.

ഇപ്പോള്‍ വായ്പ എഴുതി തള്ളി കര്‍ഷകരെ തെറ്റുദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മോദി ആരോപിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബീഹാര്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളെ പ്രശംസിക്കാനും മോദി മറന്നില്ല. മറ്റൊരു പൊതു റാലിയില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുള്‍പ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്കുള്ള വീടിന്‍റെ താക്കോലും മോദി കെെമാറി.

എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പേര് ആ പദ്ധതികള്‍ക്ക് നല്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നരേന്ദ്ര മോദി ആവാസ് യോജനയെന്നോ നമോ ആവാസ് യോജനയെന്നോ പേര് നല്‍കാതെ പ്രധാനമന്ത്രി ആവാസ് യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അതിനാല്‍ ഇനി വരുന്ന പ്രധാനമന്ത്രിക്കും ആ പദ്ധതികളുമായി മുന്നോട്ട് പോകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.