ദില്ലി: വാണിജ്യ രംഗത്ത് പാകിസ്ഥാന് അതിസൗഹൃദ പരിഗണന നല്കുന്നത് എടുത്തു കളയുന്നത് ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും. നികുതി ഇളവുകള്‍ ഉള്‍പ്പടെ പാകിസ്ഥാന് ഇപ്പോള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ചയാവും. സിന്ധുനദീജല കരാറിന്റെ കാര്യത്തില്‍ ഉദാരനയം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് വ്യാപാര രംഗത്തും പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നരേന്ദ്ര മോദി ശ്രമിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്നലെ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പടെ നാലു രാജ്യങ്ങള്‍ പിന്‍മാറിയ സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടി നവംബറില്‍ പാകിസ്ഥാനില്‍ നടക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഉച്ചകോടി റദ്ദാക്കുന്ന കാര്യത്തില്‍ ശനിയാഴ്ച അന്തിമ തീരുമാനം വന്നേക്കും.