മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ, പാല്‍ഗണ്ഡ് , ഉത്തര്‍പ്രദേശിലെ കൈരാന, നാഗാലാന്റ് എന്നീ നാലു ലോക്സഭാ സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്.
ദില്ലി: ഉപതെരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. പരാജിതർ ഒരേ വേദിയിൽ അണിനിരക്കുകയാണെന്ന് മോദി പരിഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രചരണം പ്രധാനമന്ത്രി തുടങ്ങിയിരിക്കെ എൻ.ഡി.എയിലും പ്രതിപക്ഷ സഖ്യത്തിലും വിള്ളലുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ, പാല്ഗണ്ഡ് , ഉത്തര്പ്രദേശിലെ കൈരാന, നാഗാലാന്റ് എന്നീ നാലു ലോക്സഭാ സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഗോരഖ്പൂരിലും ഫൂൽപൂരിലും എസ്.പിയും ബി.എസ്.പിയും മാത്രമാണ് കൈകോർത്തതെങ്കിൽ കൈരാനയിൽ കോൺഗ്രസും രാഷ്ട്രീയ ലോക്ദളും ഈ സഖ്യത്തോടൊപ്പം ചേർന്നിരിക്കുന്നു. ഗോരഖ്പൂര് , ഫുല്പ്പൂര് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില് വൻ തോല്വി ഏറ്റുവാങ്ങിയ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ബി.ജെ.പി നേതൃത്വത്തിനും ഏത് വിധേനയും ജയം നേടിയേ പറ്റൂ. ബി.ജെ.പിയുടെ ഹുക്കും സിംഗിന്റെ നിര്യാണത്തെ തുടര്ന്ന് വന്ന ഒഴിവില് മകൾ മൃഗംഗയെ സ്ഥാനാർത്ഥിയാക്കുമ്പോൾ തബസും ബീഗത്തെ രംഗത്തിറക്കി ജാട്ട് മുസ്ലിം ദളിത് സഖ്യത്തിനാണ് പ്രതിപക്ഷ ശ്രമം.
കൈരാനക്ക് തൊട്ടടുത്ത ബാഗ്പത്തിൽ എക്സ്പ്രസ് വേ ഉദ്ഘാടനത്തിനൊപ്പം പ്രധാനമന്ത്രിയുടെ റാലി സംഘടിപ്പിച്ചാണ് ബിജെപി ജയത്തിനുള്ള അവസാനശ്രമം നടത്തിയത്. പ്രതിപക്ഷസഖ്യത്തെ പരാജിതരുടെ സഖ്യമെന്നാണ് മോദി വിശേഷിപ്പിച്ചത്. ചിലര്ക്ക് അവരുടെ കുടുംബമാണ് രാഷ്ട്രം. പക്ഷെ തനിക്ക് രാഷ്ട്രമാണ് കുടുംബമെന്ന് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്ഗഢില് ബി.ജെ.പിയും എൻ.ഡി.എ സംഖ്യകക്ഷിയായ ശിവസനേയും തമ്മിലാണ് മത്സരം. ഭണ്ഡാര ഗോണ്ടിയയില് ബി.ജെ.പിയെ തോല്പ്പിക്കാന് എന്.സി.പി സ്ഥാനാര്ഥിക്ക് കോണ്ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടിടത്തെയും ഫലം ബി.ജെ.പി-ശിവസേനാ ബന്ധം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യങ്ങൾ എന്നിവ നിർണ്ണയിക്കുന്നതിൽ പ്രധാനമാകും.
