പുരസ്കാര തുകയായി ലഭിച്ച രണ്ട് ലക്ഷം ഡോളര്‍ (ഒന്നരക്കോടി രൂപ) ഗംഗാ നദിയുടെ ശുചീകരണത്തിനായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഹാത്മ ഗാന്ധിയുടെ 150-ാം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തില്‍ സോള്‍ പുരസ്കാരം നേടാന്‍ സാധിച്ചതില്‍സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു

സോള്‍: സോള്‍ സമാധാന പുരസ്കാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2018ലെ സോള്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം, ജനങങളുടെ ജീവിതം മെച്ചപ്പെടുത്തല്‍ എന്നിവയും ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകളും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് മോദിയെ സോള്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

രണ്ട് ലക്ഷം ഡോളറും ഫലകവുമടങ്ങുന്ന പുരസ്കാരം ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം നടത്തുന്ന മോദി ഏറ്റുവാങ്ങി. പുരസ്കാര തുകയായി ലഭിച്ച രണ്ട് ലക്ഷം ഡോളര്‍ (ഒന്നരക്കോടി രൂപ) ഗംഗാ നദിയുടെ ശുചീകരണത്തിനായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മഹാത്മ ഗാന്ധിയുടെ 150-ാം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തില്‍ സോള്‍ പുരസ്കാരം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. 1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സോള്‍ സമാധാന പുരസ്കാരം ദക്ഷിണ കൊറിയ നല്‍കി തുടങ്ങിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും 14-ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി.

ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തില്‍ മോദിക്ക് മുമ്പ് സോള്‍ പുരസ്കാരം നേടിയ മുന്‍ഗാമികള്‍.