അഹമ്മദാബാദ് : കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ നീച് വ്യക്തി പരമാര്‍ശത്തിന് പിന്നാലെ പ്രധാമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ അല്‍പേഷ് താക്കൂര്‍. മോദി കറുത്തിട്ടാണെന്നും ഇറക്കുമതി ചെയ്യുന്ന കൂണ്‍ കഴിച്ചാണ് മോദിയ്ക്ക് നിറം വച്ചതെന്നും അല്‍പേഷ് താക്കൂര്‍ ഗുജറാത്ത് റാലിയില്‍ പറഞ്ഞു. നാല് ലക്ഷം രൂപ വിലവരുന്ന കൂണുകളാണ് മോദിയുടെ ആഹാരം. 80000 രൂപ വിലവരുന്ന അഞ്ച് കൂണുകളാണ് മോദി ഒരു ദിവസം കഴിക്കുന്നതെന്നും അല്‍പേഷ് താക്കൂര്‍ ആരോപിച്ചു. "

മോദി കഴിക്കുന്ന ഭക്ഷണം തനിയ്ക്ക് കഴിക്കാനാകില്ലെന്നും കാരണം അത് പാവങ്ങളുടെ ആഹാരമല്ലെന്നും ഒരാള്‍ പറയുകയുണ്ടായി. എന്താണ് ആ ആഹാരമെന്ന് ചോദിച്ചപ്പോഴാണ് കൂണ്‍ ആണ് പ്രധാനമന്ത്രിയുടെ ആഹാരമെന്നും എന്നാല്‍ അത് ഇത്ര വിലവരുന്ന തായ്‍വാനില്‍നിന്ന് ഇറക്കുമതി ചെയ്ത കൂണുകളാണെന്നും അറിഞ്ഞത്" അല്‍പേഷ് പറഞ്ഞു.  

ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ മോദിയുടെ ഭക്ഷണം ഈ കൂണുകളാണ്. അതുകൊണ്ടായിരിക്കും മോദി ഇത്ര വെളുത്തിരിക്കുന്നത്. താന്‍ 35 വര്‍ഷം മുമ്പുള്ള മോദിയുടെ ഫോട്ടോ കാണുകയുണ്ടായി. അന്ന് അദ്ദേഹം തന്നെ പോലെ കറുത്തിട്ടായിരുന്നുവെന്നും റാലിയില്‍ അല്‍പേഷ് പരിഹസിച്ചു. 

ഗുജറാത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള അല്‍പേഷ് താക്കൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പത്താന്‍ ജില്ലയിലെ രാധന്‍പൂര്‍ ജില്ലയില്‍നിന്നാണ് അല്‍പേഷ് ജനവിധി തേടുന്നത്.