പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ ആശങ്ക തുടരുന്നു. ഇഎസ്എ കരടിൽ നിർദേശം നൽകാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ ആശങ്ക തുടരുന്നു. ഇഎസ്എ കരടിൽ നിർദേശം നൽകാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. ഈ സാഹചര്യത്തില്‍ സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന് മുന്നറിയുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സിറോ മലബാർ സഭ. കർഷകർ സമരം ചെയ്യേണ്ടി വരുന്നത് ഗതികെട്ട ജനാധിപത്യ സംസ്കാരത്തിന്‍റെ ഭാഗമെന്ന് സഭ വക്താവ് ടോം ഓലിക്കരോട്ട് പ്രതികരിച്ചു. ഇഎസ്‌എവിഷയത്തിൽ സമരങ്ങളിലേക്ക് കർഷകനെ വലിച്ചിഴക്കാതെ സർക്കാർ നീതി ഉറപ്പാക്കണം എന്നാണ് സിറോ മലബാർ സഭയുടെ ആവശ്യം.

കർഷകനെ സമരത്തിന് തെരുവിൽ ഇറക്കുക എന്നത് ഗതികെട്ട ജനാധിപത്യ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അതിനു സർക്കാർ ഇടയാക്കരുത് എന്നും സഭപ്രതിനിധികൾ വ്യക്തമാക്കി. കൂടാതെ, മലയോരമേഖലകളിലെ മനുഷ്യരെ പരിഗണിക്കണമെന്നും ഉറപ്പുകളുടെ കാലം കഴിഞ്ഞു നടപടിയാണ് വേണ്ടതെന്നും ഫാദർ ടോം ഓലിക്കരോട്ട് വ്യക്തമാക്കി. ഭൂമി വില്പനയും വിവാഹവും അടക്കം മുടങ്ങുന്നതിന്‍റെ ആശങ്കയിലാണ് നിലവില്‍ മലയോര മേഖലയിലെ ജനങ്ങൾ.