മലബാർ മിൽമ യൂണിയൻ പിരിച്ചുവിടലിൽ വിശദ അന്വേഷണം. പ്രാഥമിക കണ്ടെത്തലുകളിൽ വിശദ അന്വേഷണം നടത്താൻ മൂന്നംഗങ്ങൾ ഉൾപ്പെടുന്ന അന്വേഷണ സംഘത്തെ രൂപീകരിച്ചു. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രാഥമിക കണ്ടെത്തലുകളിലാണ് മൂന്നംഗ സംഘം വിശദ അന്വേഷണം നടത്തുക. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകും. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തേക്കും.
അതിനിടെ, മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ സഹസ്ഥാപനമായ എംആർഡിഎഫിൽ നിന്ന് ഫയലുകൾ കടത്തിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫയലുകൾ കാണാതായെന്ന് കാട്ടി സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകി. ക്രമക്കേടുകൾ പുറത്തുവരാതിരിക്കാൻ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ എംആർഡിഎഫ് സിഇഒ ജോർജുകുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 18-ാം തീയതി ആണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടത്. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി.


