മുംബൈ: അധികാരത്തില്‍ ഒന്നരവര്‍ഷത്തില്‍ താഴെ സമയം മാത്രം അവശേഷിക്കുന്ന മോദി സര്‍ക്കാരിന് താക്കീതുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. യുപിഎ സര്‍ക്കാരിന് അവസാനകാലത്ത് കിട്ടിയ ''അഴിമതി സര്‍ക്കാര്‍ പട്ടം'' കാലാവധി തീരുമ്പോഴേക്കും മോദി സര്‍ക്കാരിനും കിട്ടുമെന്ന് ചിദംബരം പറഞ്ഞു. 

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനകാലം അനവധി അഴിമതി ആരോപണങ്ങളാല്‍ കുപ്രസിദ്ധമായിരുന്നു, അധികാരത്തിന്റെ അവസാനമാസങ്ങളിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിനും അത്തരമൊരു കുപ്രസിദ്ധിയുണ്ടായേക്കാം. എന്നാല്‍ അങ്ങനെ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ അത് സംഭവിക്കും....മുംബൈയില്‍ ടാറ്റ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കവേ ചിദംബരം പറഞ്ഞു. 

രണ്ടാം യുപിഎ സര്‍ക്കാരുമായി ബന്ധപ്പെട്ട അനവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അന്വേഷണവും വിചാരണയും കഴിഞ്ഞ് കോടതി അത് ശരിവച്ചാല്‍ മാത്രമേ ആരോപണവിധേയരെ തനിക്ക് കുറ്റവാളികളായി കാണുവാന്‍ സാധിക്കൂവെന്ന് പി.ചിദംബരം പറയുന്നു. ആരോപണം നേരിടുന്നവരെല്ലാം കുറ്റക്കാരാണെന്ന തരത്തിലാണ് ഇന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇത് തെറ്റാണ് രാജ്യത്ത് നിലവിലുള്ള നിയമസംവിധാനത്തെ ചോദ്യം ചെയ്യുന്നതാണ് ആ രീതി. 

തിരഞ്ഞെടുപ്പ് ചിലവ് എന്ന ബാധ്യതയാണ് ഭൂരിപക്ഷം രാഷ്ട്രീയനേതാക്കളേയും പാര്‍ട്ടികളേയും അഴിമതിയിലേക്ക് നയിക്കുന്നതെന്ന് ചിദംബരം പറയുന്നു. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചോ പാര്‍ട്ടിയെ സംബന്ധിച്ചോ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം ശേഖരിക്കാനുള്ള ശ്രമങ്ങള്‍ അഴിമതിയായി ചിത്രീകരിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് ചിലവ് നടത്താനുള്ള വഴി കണ്ടെത്താതെ അഴിമതിയുടെ വ്യാപ്തി കുറയ്ക്കാമെന്ന് കരുതരുതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.