Asianet News MalayalamAsianet News Malayalam

മോദി സർക്കാർ കർഷകർക്ക് വേണ്ടി വമ്പൻ ക്ഷേമപദ്ധതികൾ തയ്യാറാക്കുന്നതായി സൂചന

മധ്യപ്രദേശ്. രാജസ്ഥാൻ, ഛത്തീസ്​ഗഡ് എന്നിവിടങ്ങളിൽ ബിജെപി നേരിട്ട കനത്ത തോൽവിക്ക് കാരണം കർഷക പ്രക്ഷോഭങ്ങളായിരുന്നു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് കർഷകക്ഷേമത്തിന് മുൻതൂക്കം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം. 

modi government planning a new scheme for farmers
Author
New Delhi, First Published Dec 27, 2018, 6:17 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയിരിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് ക്ഷേമപദ്ധതികൾ തയ്യാറാക്കാനൊരുങ്ങുകയാണ് മോദി സർക്കാർ. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് ഈ വിഷയം മൂന്ന് മണിക്കൂർ ചർച്ച ചെയ്തതായി എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി, ബിജെപി മേധാവി അമിത് ഷാ, കൃഷിവകുപ്പ് മന്ത്രി രാധാമോഹൻ സിം​ഗ് എന്നിവരുമായിട്ടായിരുന്നു ചർച്ച. ജനുവരിയിൽ കർഷകരുടെ ക്ഷേമം ലക്ഷ്യമാക്കുന്ന പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് സാമ്പത്തിക മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 

മധ്യപ്രദേശ്. രാജസ്ഥാൻ, ഛത്തീസ്​ഗഡ് എന്നിവിടങ്ങളിൽ ബിജെപി നേരിട്ട കനത്ത തോൽവിക്ക് കാരണം കർഷക പ്രക്ഷോഭങ്ങളായിരുന്നു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് കർഷകക്ഷേമത്തിന് മുൻതൂക്കം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം. 2019 ലെ തെരഞ്ഞെടുപ്പിൽ ചർച്ചയാകാൻ പോകുന്നത് കർഷകരുടെ പ്രശ്നങ്ങളായിരിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. 

അധികാരത്തിലെത്തിയാൽ പത്ത് ദിവസത്തിനുള്ളിൽ കാർഷിക കടം എഴുതിത്തള്ളുമെന്നായിരുന്നു കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോൺ​ഗ്രസ് ഈ വാ​ഗ്ദാനം പാലിച്ചിരുന്നു. കർഷകരുടെ പ്രതിസന്ധി പരിഹരിക്കാതെ പ്രധാനമന്ത്രിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരുന്നു. രാഹുൽ ​ഗാന്ധിയുടെ ഈ വെല്ലുവിളിയ്ക്കുള്ള മറുപടിയാണ് മോദിയുടെ പുതിയ കാർഷിക നയമെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios