രാഷ്ട്രീയപാര്‍ട്ടികളുടെ സംഭാവനകളില്‍ പരിശോധകള്‍ നടത്തും എന്ന വാര്‍ത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഡിസംബര്‍ 19ന് ഉത്തര്‍പ്രദേശില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് നരേന്ദ്രമോദി പ്രസ്താവിച്ചത് ഇങ്ങനെ

രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് സംബന്ധിച്ചുള്ള നിയമങ്ങളില്‍ കോമയോ, ഫുള്‍സ്റ്റോപ്പോ പോലും മാറ്റുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല..

പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ കാണുക

 

എന്നാല്‍ വിദേശ സംഭാവന സംബന്ധിച്ച് ഇതിനകം തന്നെ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞുവെന്നതാണ് സത്യം. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ പ്രസ്താവന സത്യത്തിന് നിരക്കുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്. മെയ് 2016 ല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (2010) 2016 ധനബില്ലിലൂടെ സര്‍ക്കാര്‍ പരിഷ്കരിച്ചിട്ടുണ്ട്. ഇത് 2016 മെയ് അഞ്ചിന് ലോക്സഭ പാസാക്കുകയും ചെയ്തിട്ടുണ്ട്. 

ധനബില്ലിലെ ഈ ഭേദഗതി ഇവിടെ കാണാം

ഇത് പ്രകാരം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതോ വിദേശത്തുള്ളതോ ആയ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഇന്ത്യയിലെ വിദേശ നിക്ഷേപം 50 ശതമാനത്തില്‍ കുറവ് ആണെങ്കില്‍ അവയെ വിദേശ കമ്പനിയായി കണക്കാക്കുവാന്‍ സാധിക്കില്ലെന്ന് പറയുന്നു. ഈ ഭേദഗതി സെപ്തംബര്‍ 2010 മുതല്‍ ബാധകമാകും എന്നാണ് മറ്റൊരു പ്രധാനകാര്യം.

ഇതോടെ വിദേശ സംഭാവന സംബന്ധിച്ച നിയമങ്ങളില്‍ നിന്നും പല അന്താരാഷ്ട്ര കമ്പനികളും ഒഴിവാക്കപ്പെടും. ഇവയ്ക്ക് വളരെ ലളിതമായി വിദേശ സംഭാവന നിയമത്തിന്‍റെ നൂലമാലകള്‍ ഇല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റും സംഭാവന ചെയ്യാം. അതേ സമയം തന്നെ രാജ്യത്തെ എന്‍ജിഒകള്‍ക്ക് വിദേശ സംഭാവന സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കുകയായിരുന്നു എന്നതാണ് രസകരമായ കാര്യം എന്ന് ന്യൂസ് ലൗണ്ടറി പോലുള്ള സൈറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്തരം ഒരു ഭേദഗതിയെ ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് ഇത് പാസാക്കിയ സമയത്ത് പാര്‍ലമെന്‍റില്‍ എതിര്‍ത്തത് എന്നതും രസകരമാണ്. ഇതിലെ മറ്റൊരു ട്വിസ്റ്റ് പിന്നീടാണ് ഉണ്ടാകുന്നത്. ഈ ഭേദഗതി നിലവില്‍ വന്നതോടെ ബിജെപിയും കോണ്‍ഗ്രസും സുപ്രീംകോടതിയില്‍ വിദേശ സംഭാവനയുമായി ബന്ധപ്പെട്ട നല്‍കിയിരുന്ന കേസുകള്‍ നവംബര്‍ 29, 2016 ല്‍ പിന്‍വലിച്ചു. വിദേശ ഫണ്ടിംഗ് സംബന്ധിച്ച് ദില്ലി ഹൈക്കോടതിയുടെ വിധിക്ക് എതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.