ഹസ്തദാനം ചെയ്ത് പാക് പ്രസിഡന്റും നരേന്ദ്രമോദിയും

ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാൻ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ധാരണ. ഉച്ചകോടിയിലെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സാന്നിധ്യം ചരിത്രപ്രാധാന്യമുള്ളതാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്. ഉച്ചകോടിയ്ക്കിടെ നരേന്ദ്രമോദിയും പാക് പ്രസിഡന്‍റ് മംനൂൺ ഹുസൈനും ഹസ്തദാനം ചെയ്തതും ശ്രദ്ധേയമായി. 

സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയേയും പാകിസ്ഥാനേയും പൂര്‍ണ അംഗത്വത്തോടെ ഷാങ്ഹായി ഉച്ചകോടിയിൽ എത്തിച്ചതിനെ ചരിത്ര നേട്ടമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് വിശേഷിപ്പിച്ചത്. സംഘടന ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കുമെന്നും ഷി ജിൻ പിങ് വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ഷി ജിൻപിങ് വ്യക്തമാക്കി. 

സംയുക്ത വാര്‍ത്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാൻ പ്രസിഡന്‍റ് മഹ്നൂൻ ഹുസൈനും ഹസ്തദാനം ചെയ്ത് സംസാരിച്ചു. ഷി ജിൻപിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും പാകിസ്ഥാനുമായി ചര്‍ച്ച അജണ്ടയിലില്ലായിരുന്നു. പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ്-വ്യാപര-ഡിജിറ്റൽ ബന്ധം ശക്തിപ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു.

രാജ്യങ്ങളുടെ അഖണ്ഡതയും താത്പര്യവും മുൻനിര്‍ത്തിവേണം ബന്ധങ്ങളെന്നും പാക് അധീന കശ്‍മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. പാകിസ്ഥാൻ മണ്ണിലെ ഭീകര പരാമര്‍ശിക്കാതിരുന്ന മോദി അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങൾക്കെതിരെ കൂട്ടായ ശ്രമങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മോദിയുടെ ചൈനാ സന്ദര്‍ശനം വഴിയൊരുക്കി.