മോദിയെ താൻ പുകഴ്ത്തിയതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസ്സിലാക്കിക്കൊണ്ടാണ് ഇത് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു

തിരുവനന്തപുരം: വീണ്ടും മോദിയെ പുകഴ്ത്തി ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മോദി ആദർശ ശുദ്ധിയുളള നേതാവെന്ന് ആയിരുന്നു സ്വാമി സച്ചിദാനന്ദയുടെ വാക്കുകൾ‌. മോദിയെ താൻ പുകഴ്ത്തിയതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസ്സിലാക്കിക്കൊണ്ടാണ് ഇത് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ഗുരുവിനെ പറ്റി മോദി പറഞ്ഞത് ഗംഭീര വിശേഷണമാണ്. മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ല. പ്രധാനമന്ത്രി ആയ ശേഷം എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ സൃഷ്ടിച്ചു. പക്ഷേ ഒരു മതത്തെയും തള്ളിക്കളഞ്ഞില്ല. എല്ലാവരെയും ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധിയുടെ സത്യനിഷ്ഠ, ആദർശ ശുദ്ധി, ബ്രഹ്മചര്യ, ആത്മീയ ഭാവം ഇതെല്ലാം മോദിക്കും ഉണ്ട്. രാഷ്ട്രീയം കണ്ടിട്ടല്ല ഇങ്ങനെ പറഞ്ഞതെന്നും തനിക്കും ശിവഗിരി മഠത്തിനും രാഷ്ട്രീയം ഇല്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഒരു ശുപാർശയും ഇല്ലാതെയാണ് പരിപാടിയിൽ പങ്കെടുത്തത്. ശിവഗിരിയോടുള്ള ആത്മാർത്ഥയാണ് മോദിയിൽ കാണുന്നത്. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ശിവഗിരി മഠത്തിലെ പല പരിപാടികൾക്കും വിളിച്ചിട്ടും ഇതുവരെ വന്നിട്ടില്ല എന്നും സച്ചിദാനന്ദ സ്വാമി വെളിപ്പെടുത്തി.