ഭരണഘടനയ്ക്കും മുകളിലാണ് ദെെവത്തിന്‍റെ സ്ഥാനം. രാമക്ഷേത്ര നിര്‍മാണം ഇനിയും വെെകികൂടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബാല്ലിയ: അധികാരമുണ്ടായിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. രാമക്ഷേത്രം പണിയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ശക്തമായ അധികാര സ്ഥാനത്ത് ഇരുന്നിട്ടും രാമന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പ്രധാനമന്ത്രിയായി നമുക്ക് മോദി ജി ഉണ്ട്. മുഖ്യമന്ത്രിയായി യോഗി ജിയും. ഇരുവരും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ രണ്ട് പേരുടെയും ഭരണത്തിന് കീഴില്‍ ശ്രീരാമന്‍ കഴിയുന്നത് കുടിലിലാണ്.

ഇന്ത്യയുടെയും ഹിന്ദു സമുദായത്തിന്‍റെയും നിര്‍ഭാഗ്യമാണിതെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും സുരേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും മുകളിലാണ് ദെെവത്തിന്‍റെ സ്ഥാനം. രാമക്ഷേത്ര നിര്‍മാണം ഇനിയും വെെകികൂടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാമക്ഷേത്ര നിര്‍മാണം കൂടുതല്‍ ചര്‍ച്ചയാക്കാനുള്ള ശ്രമങ്ങളിലാണ് ഹിന്ദു സംഘടനകള്‍. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഓർഡിനൻസിനായി മൂന്നു മെഗാ റാലികൾ ആർഎസ്എസ് സംഘടിപ്പിക്കുന്നുണ്ട്.​ അയോധ്യ, നാഗ്പൂർ, ബംഗളുരു തുടങ്ങിയ നഗരങ്ങളിലായി നവംബർ 25നാണ്​​റാലി നടത്തുന്നത്​.

ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള മറ്റു സംഘടനകളുടെ പേരിലാകും റാലികൾ സംഘടിപ്പിക്കുക. അയോധ്യ റാലിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്തേക്കുമെന്ന് ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്​ കേസ്​ സുപ്രീംകോടതിയിൽ നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയതിന്​പിന്നാലെയാണ്​ആർഎസ്എസിന്‍റെ നീക്കം.

അഞ്ച് മുതൽ 10 ലക്ഷം വരെ പേർ റാലിയിൽ പങ്കെടുക്കുമെന്നാണ്​പ്രതീക്ഷയെന്ന്​ ആർഎസ്എസ്​ നേതാവ്​ അംബരീഷ്​കുമാർ പറഞ്ഞു. അയോധ്യയിലായിരിക്കും കൂടുതൽ പങ്കാളിത്തം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റാലിയെ കുറിച്ച്​ പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.