രാഷ്ട്രപതി പദവിയിലെ അവസാന നാളിൽ തന്നെ തേടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ച് മുൻരാഷ്ട്രപതി പ്രണബ്കുമാർ മുഖർജി. പ്രണബ് മുഖർജിയുടെ സേവനങ്ങളെ പ്രശംസിക്കുന്ന കത്ത് ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
‘പ്രണബ് ദാ’ എന്ന് ബഹുമാനാദരവോട് കൂടിയാണ് മോദി കത്തിൽ അഭിസംബോധന ചെയ്യുന്നത്. നമ്മുടെ രാഷ്ട്രീയ ജീവിതം രൂപപ്പെട്ടത് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലാണ്. നമ്മുടെ പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തവുമായിരുന്നു. നിങ്ങളുടെ ധിഷണയും ജ്ഞാനവും ഇരുവരെയും ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഏറെ സഹായകമായി എന്ന് പറഞ്ഞാണ് മോദിയുടെ കത്ത് തുടങ്ങുന്നത്. 'മൂന്നു വർഷം മുൻപ് ഡൽഹിയിലേക്കു വരുമ്പോൾ ഞാനിവിടെ അപരിചിതനായിരുന്നു. വലിയ വെല്ലുവിളികളാണ് എന്നെ കാത്തിരുന്നത്. ഈ കാലത്ത് പിതൃതുല്യമായ വാൽസല്യത്തോടെ പ്രണബ് ദാ എനിക്ക് മാർഗദർശിയായി എന്നും മോദി കുറിച്ചു.
രാഷ്ട്രീയത്തിലേക്കു വരുന്ന അനേകം തലമുറകൾക്ക് അങ്ങു മാതൃകയായിരിക്കും. സ്വാർഥതാൽപര്യമില്ലാതെ സമൂഹത്തിനുവേണ്ടി എങ്ങനെ പ്രവർത്തിക്കാമെന്നു താങ്കൾ കാണിച്ചുകൊടുത്തു. ഇന്ത്യ അങ്ങയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു.– മോദി കത്തിലെഴുതി. പ്രണബ് മുഖർജിയുടെ ട്വീറ്റ് നരേന്ദ്ര മോദിയും പങ്കുവച്ചിട്ടുണ്ട്.
