ദില്ലി: രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 മാര്‍ച്ച് 31 നകം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. സൗഭാഗ്യ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നാലുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കും. 500 രൂപയ്ക്കാണ് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുക.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്ത് നാലുകോടി കുടുംബങ്ങള്‍ക്ക് വൈദ്യുതിയില്ലെന്ന് മോദി പറഞ്ഞു. ഈ വീടുകളില്‍ ബള്‍ബുകളില്ല. കുട്ടികള്‍ മെഴുകുതിരി വെളിച്ചത്തിലാണ് പഠനം നടത്തുന്നത്. വീട്ടമ്മമാര്‍ ഇരുട്ടത്താണ് ആഹാരം പാകം ചെയ്യുന്നത്. വൈദ്യുതി ലഭിക്കുമ്പോള്‍ മാത്രമേ പാവപ്പെട്ടവരുടെ ജീവിതം പുരോഗതി പ്രാപിക്കുകയുള്ളൂ. മോദി പറഞ്ഞു.

Scroll to load tweet…

ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതീകരണത്തിന് 14,025 കോടിയും നഗരങ്ങളില്‍ 1,732 കോടി രൂപയും ചെലവഴിക്കും. അഴിമതി നടത്തുന്നവരെ വെറുതെവിടില്ലെന്നും തന്റെ ബന്ധുക്കളാണെങ്കിലും സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തിൽ വ്യക്തമാക്കി. രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വാദം തള്ളിയ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എല്ലാവർക്കും വൈദ്യുതി എത്തിക്കാനുള്ള സൗഭാഗ്യ പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി സാമ്പത്തിക ഉത്തേജനപാക്കേജൊന്നും പ്രഖ്യാപിച്ചില്ല, 

1400 എംഎൽഎമാരും 337 എംപിമാരും പങ്കെടുത്ത വിപുലീകൃത ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തിൽ അഴിമതിക്കെതിരെ ശക്തമായ സന്ദേശമാണ് നരേന്ദ്ര മോദി നല്കിയത്. പാർട്ടിക്കുള്ളിലും സർക്കാരിലും അഴിമതി അനുവദിക്കില്ല. ആരെയും വെറുതെവിടില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നല്കാനും അഴിമതി ഇല്ലാതാക്കാനും മോദിക്ക് കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രമേയമാണ് നിർവ്വാഹകസമിതി യോഗം അംഗീകരിച്ചത്. നോട്ട് അസാധുവാക്കൽ വലിയ ചുവടുവയ്പായിരുന്നു എന്ന് പ്രമേയം പറയുന്നു. വളർച്ചാ നിരക്ക് ഇടിഞ്ഞത് താല്ക്കാലിക പ്രതിഭാസമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. 

ദോക്ലാം സംഘർഷം ശാന്തമായി പരിഹരിച്ചതിന് യോഗം മോദിയെ അഭിനന്ദിച്ചു. റോഹിങ്ക്യൻ പ്രശ്നത്തിൽ പ്രമേയം മൗനം പാലിക്കുന്നു. ഒക്ടോബർ 31ന് ഏകതയ്ക്കായി കൂട്ടയോട്ടം സംഘടിപ്പിക്കും. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 
വൈകിട്ട് എല്ലാവർക്കും വൈദ്യുതി എത്തിക്കാനുള്ള സൗഭാഗ്യ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2019 ആകുമ്പോഴെക്കും വൈദ്യുതി ഇല്ലാത്ത പാവപ്പെട്ടവരുടെ വീട്ടിൽ കണക്ഷൻ സൗജന്യമായി നല്കാനാണ് പദ്ധതി