വാഷിങ്ടണ്‍: ആണവ വിതരണ കൂട്ടായ്മ(എന്‍എസ്ജി)യില്‍ അംഗത്വത്തിന് ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ അറിയിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇരു നേതാക്കളും നടത്തിയ സംയുക്ത പ്രസ്താവനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും അമേരിക്കയും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അമേരിക്ക ഉറ്റ സുഹൃത്താണ്. ആണവ വിതരണ അംഗത്വത്തിനു നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിക്കന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ അവസരം നല്‍കിയതിനു നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.

ഇതിനിടെ, മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ(എംടിസിആര്‍)യില്‍ ഇന്ത്യയും അംഗമാകുമെന്ന് ഉറപ്പായി. അംഗരാജ്യങ്ങളുടെ പ്രവേശനത്തിന് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനുള്ള സമയ പരിധി അവസാനിച്ചിരുന്നു. ചില രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തിരുന്നെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ശക്തമായ പിന്തുണ ഇന്ത്യയ്ക്കായിരുന്നു.