"21ാം നൂറ്റാണ്ടിന് വേണ്ട കരുത്തുറ്റ, ഐശ്വര്യപൂര്‍ണമായ ഇന്ത്യയ്ക്ക് വേണ്ട അടിത്തറയൊരുക്കിയത് അടല്‍ജിയുടെ മാതൃകാപരമായ നേതൃത്വമായിരുന്നു. വ്യത്യസ്ത മേഖലകളില്‍ ഭാവിയെ മുന്നില്‍ കണ്ട് അദ്ദേഹം നടപ്പാക്കിയ  നയങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും തൊട്ടു."

അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികളുമായി രാഷ്ട്രീയ നേതാക്കള്‍. വാജ്‌പേയിയുടെ വിയോഗം ഒരു യുഗത്തിന്റെ അവസാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. '21ാം നൂറ്റാണ്ടിന് വേണ്ട കരുത്തുറ്റ, ഐശ്വര്യപൂര്‍ണമായ ഇന്ത്യയ്ക്ക് വേണ്ട അടിത്തറയൊരുക്കിയത് അടല്‍ജിയുടെ മാതൃകാപരമായ നേതൃത്വമായിരുന്നു. വ്യത്യസ്ത മേഖലകളില്‍ ഭാവിയെ മുന്നില്‍ കണ്ട് അദ്ദേഹം നടപ്പാക്കിയ നയങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും തൊട്ടു. രാജ്യത്തിനുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത്, ജാഗ്രതയോടെ പതിറ്റാണ്ടുകളോളം. ദു:ഖത്തിന്റെ ഈ മണിക്കൂറില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ബിജെപി അണികള്‍ക്കും വാജ്‌പേയിയെ ആരാധനയോടെ മനസ്സില്‍ കൊണ്ടുനടന്ന ലക്ഷങ്ങള്‍ക്കൊപ്പവും പങ്കുചേരുന്നു.'

തന്നെ സംബന്ധിച്ച് വ്യക്തിപരമായി ഇത് നികത്താനാവാത്ത ഒരു നഷ്ടമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 'അദ്ദേഹവുമൊത്തുള്ള ഒരുപാട് ഓര്‍മ്മകളുണ്ട് എനിക്ക്. എന്നെപ്പോലൊരു കാര്യകര്‍ത്താവിന് പ്രചോദനമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൂര്‍മ്മബുദ്ധിയും നര്‍മ്മബോധവും ഞാന്‍ എന്നും ഓര്‍ക്കും. അടല്‍ജിയുടെ സ്ഥിരോത്സാഹവും കഠിനപ്രയത്‌നവുമാണ് ബിജെപിയെ വളര്‍ത്തിയെടുത്തത്. ഇന്ത്യ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് അദ്ദേഹം ബിജെപിയുടെ സന്ദേശം പ്രചരിപ്പിച്ചു, പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ നിലയിലെത്തിച്ചു.'

ഇന്ത്യയ്ക്ക് മഹാനായ പുത്രനെ നഷ്ടപ്പെട്ടെന്നായിരുന്നു വാജ്‌പേയിയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 'ലക്ഷങ്ങളാല്‍ സ്‌നേഹിക്കപ്പെട്ട, ബഹുമാനിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി. കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു.' ഇന്ത്യയുടെ വികസനം സ്വപ്‌നം കണ്ട വ്യക്തിയായിരുന്നു വാജ്‌പേയിയെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. 'അടുത്ത ബന്ധമുണ്ടായിരുന്നു. വാജ്‌പേയി എന്ന നേതാവിന്റെ രാജ്യതന്ത്രവും പോരാടാനുള്ള ശക്തിയും കാര്‍ഗില്‍ യുദ്ധസമയത്ത് നമ്മള്‍ കണ്ടതാണ്,' നായിഡു പറഞ്ഞു.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ഒട്ടേറെ നേതാക്കള്‍ എ.ബി.വാജ്‌പേയിക്ക് നേരിട്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.