ജർമ്മനിയിലെ ജി ഇരുപത് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദില്ലിക്ക് മടങ്ങും. കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജി ഇരുപത് ഉച്ചകോടിയെ പ്രധാനമന്ത്രി തന്റെ നിലപാട് അറിയിക്കും. പാക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന സംഘടനകളെ അൽക്വയ്ദക്കും ഐഎസ്ഐഎസിനും തുല്യമായി കാണണമെന്ന് മോദി ഭീകരവാദത്തെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ ആവശ്യപ്പെട്ടു. ഭീകരർക്ക് ധനസഹായം കിട്ടുന്ന ശൃംഘല തകർക്കണമെന്നും ഇറാഖിലും സിറിയയിലുമുള്ള വിദേശ ഭീകരർ അവരുടെ നാട്ടിലേക്ക് മടങ്ങി ഉണ്ടാക്കാവുന്ന ഭീഷണി നേരിടണമെന്നും നിർദ്ദേശിക്കുന്ന പ്രമേയമാണ് ജി ഇരുപത് ഉച്ചകോടി ഇന്നലെ അംഗീകരിച്ചത്. ചൈനീസ് പ്രസിഡന്റുമായി ഹ്രസ്വ സംഭാഷണം ഇന്നലെ നരേന്ദ്ര മോദി നടത്തിയിരുന്നു. ഇതിന്റെ തുടർ ചർച്ച ഉണ്ടാവുമോ എന്ന് വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.