പാവപ്പെട്ടവർക്ക് വേണ്ടിയാണ് തന്റെ സർക്കാർ എന്നും നിലകൊളളുന്നതെന്നും എല്ലാവർക്കും വീട് എന്ന സ്വപ്നത്തിലേക്ക് പാതി ദൂരം പിന്നിട്ട് കഴിഞ്ഞു എന്നും മോദി പ്രസംഗമധ്യേ പറഞ്ഞു.
ഷിർദ്ദി: നാല് വർഷം കഴിഞ്ഞാൽ രാജ്യത്തെ ഭവനരഹിതരായ എല്ലാവർക്കും വീട് എന്നതാണ് തന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷിർദ്ദിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് വേണ്ടിയാണ് തന്റെ സർക്കാർ എന്നും നിലകൊളളുന്നതെന്നും എല്ലാവർക്കും വീട് എന്ന സ്വപ്നത്തിലേക്ക് പാതി ദൂരം പിന്നിട്ട് കഴിഞ്ഞു എന്നും മോദി പ്രസംഗമധ്യേ പറഞ്ഞു.
കോൺഗ്രസ് പ്രഖ്യാപിച്ച പദ്ധതികളെല്ലാ വോട്ട് നോടാൻ വേണ്ടി മാത്രമായിരുന്നു. 2010-14 കാലഘട്ടത്തിൽ കോൺഗ്രസ് 25 ലക്ഷം വീടുകളാണ് നിർമ്മിച്ചത്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഒന്നരക്കോടി വീടുകളാണ് പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകിയത്. പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴിൽ പണി പൂർത്തിയാക്കിയ ഇരുപത്തയ്യായിരം വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വന്തമായിട്ടൊരു വീടുണ്ടാകുന്നത് ദാരിദ്ര്യത്തിനെതിരെ പോരാടാൻ കരുത്ത് നൽകുന്ന കാര്യമാണ്. രാജ്യത്തെ ഭവനരഹിതർക്കെല്ലാം 2022 ഓടെ വീട് നിർമ്മിച്ചു നൽകുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഈ സ്വപ്നത്തിലേക്കുള്ള പാതിദൂരം പിന്നിട്ടതിൽ സന്തോഷവാനാണ്. ഷിർദ്ദിയിലെ സായി ബാബ ക്ഷേത്രം മോദി സന്ദർശിച്ചു. വീഡിയോ കോൺഫറൻസിലൂടെ വിവിധ ജില്ലയിലെ പദ്ധതി ഗുണഭോക്താക്കളുമായി സംസാരിക്കുകയും ചെയ്തു. വരൾച്ചയും കൃഷിനാശവും നേരിടുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതികൾ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
