പോരാട്ടം യെദ്യൂരപ്പയുമായെന്ന് സിദ്ധരാമയ്യ പറയുന്നെങ്കിലും പ്രചാരണരംഗത്തെ ചിത്രം മോദി-സിദ്ധരാമയ്യ ഏറ്റുമുട്ടലാണ്.

ബംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ, മോദിയും സിദ്ധരാമയ്യയും തമ്മില്‍ വാക്പോര് മുറുകുന്നു. ടിപ്പു ജയന്തി ആഘോഷിച്ച് മുസ്ലിം കാര്‍ഡിറക്കി കളിക്കുകയാണ് സിദ്ധരാമയ്യയെന്ന് മോദി ആരോപിച്ചപ്പോള്‍ കര്‍ണാടകത്തില്‍ ഒറ്റ മുസ്ലിം ബി.ജെ.പി സ്ഥാനാര്‍ഥി പോലുമില്ലല്ലോ എന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു

പോരാട്ടം യെദ്യൂരപ്പയുമായെന്ന് സിദ്ധരാമയ്യ പറയുന്നെങ്കിലും പ്രചാരണരംഗത്തെ ചിത്രം മോദി-സിദ്ധരാമയ്യ ഏറ്റുമുട്ടലാണ്. സംസ്ഥാനത്ത് റാലികള്‍ തുടരുന്ന നരേന്ദ്രമോദിക്ക് സിദ്ധരാമയ്യയിലൂടെയാണ് കോണ്‍ഗ്രസിന്‍റെ മറുപടി. കളം പിടിക്കാന്‍ തെരഞ്ഞെടുപ്പ് റാലികളുടെ എണ്ണം കൂട്ടിയിരിക്കുയാണ് പ്രധാനമന്ത്രി. പതിനഞ്ച് റാലികളായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം ആറ് റാലികള്‍ അധികമായി ഉള്‍പ്പെടുത്തി. ചിത്രദുര്‍ഗയിലാണ് ടിപ്പു ജയന്തി മോദി പരാമര്‍ശിച്ചത്. ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി.

എന്നാല്‍ മോദി മാജിക് കര്‍ണാടകത്തിലുണ്ടാവില്ലെന്ന് തിരിച്ചടിക്കുകയാണ് സിദ്ധരാമയ്യ. റാലികളില്‍ നുണ പറയുകയാണ് മോദി. പത്ത് ശതമാനം സര്‍ക്കാരെന്നും സിദ്ധറുപ്പയ സര്‍ക്കാരെന്നും ആരോപിക്കുന്നതിന് തെളിവ് നിരത്താന്‍ വെല്ലുവിളിയുമുണ്ട്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന അമിത് ഷാ ഉള്‍പ്പെടെയുളളവര്‍ ക്രിമിനലുകളെന്നും സിദ്ധരാമയ്യ പറഞ്ഞു. സബ്കാ സാത്, സബ്കാ വികാസ് എന്ന് ബി.ജെ.പി പറയുന്നു.ഒരു മുസ്ലിമിന് പോലും അവര്‍ ടിക്കറ്റ് കൊടുത്തിട്ടില്ല .എന്നിട്ടെന്ത് സബ്കാ സാത്? അദ്ദേഹം ചോദിച്ചു. അമിത് ഷായും സംസ്ഥാനത്ത് പ്രചാരണം തുടരുകയാണ്. രാഹുല്‍ ഗാന്ധി നാളെ മുതല്‍ മൂന്ന് ദിവസം കര്‍ണാടകത്തിലുണ്ട്. സോണിയ ഗാന്ധിയും ഒരു റാലിയില്‍ പങ്കെടുക്കും.